ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എങ്ങനെ സമാധാനമായി ഇരിക്കും? കുഞ്ചൂന്‌ ഒമ്പതാം മാസത്തിലെടുക്കേണ്ട ഇഞ്ചക്ഷന്‍ ഡേറ്റ് അടുക്കും തോറും എനിക്ക് ഉറക്കമില്ലാതാവുകയായിരുന്നു. വാക്സിന്‍ എടുക്കാതിരുന്നാലോ എന്ന് ഇടക്ക് ആലോചിക്കും. പക്ഷേ എടുക്കാതിരുന്നാല്‍ ഭാവിയില്‍.. ദൈവത്തെ വിളിച്ച് കുത്താന്‍ കൊണ്ട് പോവുക തന്നെ എന്ന് കരുതി ഇന്ന്‌ കൊണ്ടു പോയി. പതിവു പോലെ അവന്‍ ഡോക്ടര്‍ അങ്കിളിനെ നോക്കി ചിരിച്ച് പ്രിസ്ക്രിപ്ഷന്‍ പാഡില്‍ "വെല്‍ ബേബി"യും വാങ്ങി കുത്താനായി കൊണ്ട് ചെന്നപ്പോള്‍ ആകെ പ്രശ്നം.

അവന്‌ ബി.സി.ജി എടുത്തിരിക്കുന്നത് വലതു കയ്യില്‍ ആണ്‌‌ പോലും. അത് ഇടത് കയ്യിലെടുക്കേണ്ടതാണത്രെ. ഇതേ ആശുപത്രിയില്‍ തന്നെയുള്ള നഴ്സുമാരാണ്‌ അതും ചെയ്തത്. പ്രസവിച്ച് കിടക്കുന്ന മുറിയില്‍ നിന്ന് കുട്ടിയെ എടുത്തു കൊണ്ട് പോയി കുത്തിവെപ്പ് എടുത്ത് തിരികെ കൊണ്ടുവരികയായിരുന്നു. ഏത് കയ്യില്‍ ആണ്‌ കുത്തിവെച്ചതെന്ന് ആരും നോക്കിയുമില്ല, ചോദിച്ചതുമില്ല. പിന്നെ ഏകദേശം 2 മാസം കഴിഞ്ഞിട്ടാണ്‌ അവിടെ പഴുത്ത് വന്നത്. എന്നിട്ടിപ്പോ ഇവരു തന്നെ ചോദിക്കുന്നു, വലതു കയ്യില്‍ എന്തിനാ എടുപ്പിച്ചേ എന്ന്‌? മീസില്‍സും ബിസിജിയും ഒരേ വശത്ത് എടുക്കാന്‍ പാടില്ലത്രെ. എന്നാല്‍ പിന്നെ മീസില്‍സ് ഇടത്തേ വശ്ത്ത് എടുത്താല്‍ പോരെ എന്ന് ഞങ്ങള്‍. ഏയ് അത് പാടില്ല എന്ന് അവര്‍. സ്റ്റാഫ് നഴ്സ് ഹെഡ് നേഴ്സിനെ വിളിക്കുന്നു... അവര്‍ അവരുടേ വേറൊരു കൊളീഗിനെ വിളിക്കുന്നു.. അവര്‍ ഡോക്ട്റെ അന്വേഷിക്കുന്നു.. ആകെ കൂടി മനുഷ്യനെ വട്ടാക്കി. ഡോക്ടര്‍ വന്നിട്ട് പറഞ്ഞു ഇടത്തേ വശത്ത് കാലില്‍ എടുക്കാന്‍. അപ്പോ ബിസിജി വലത് വശത്ത് കൊടുത്തത് കുഴപ്പമില്ലേ? ഇല്ല എന്ന് ഡോക്റ്റര്‍. അപ്പോ പിന്നെ ഈ പെണ്ണുങ്ങള്‍ എന്തിന്‌ ഇമ്മാതിരി ബഹളം ഉണ്ടാക്കി? അത് അവര്‍ക്ക് വിവരമില്ലാത്തത് കൊണ്ടല്ലേ എന്ന മട്ടില്‍ ഒരു ചിരിയും ചിരിച്ച് ഡോക്റ്റര്‍ പോയി. ഇഞ്ചക്ഷനേ എടുക്കാതെ തിരിച്ച് പോന്നാലോ എന്നാലോചിച്ച് ഞങ്ങളാകെ ചിന്താക്കുഴപ്പത്തിലായി.

ഒന്നു കൂടി ഡോക്ടറുടെ റൂമില്‍ പോയി വിശദമായി ചോദിച്ച് ഉറപ്പുവരുത്തിയതിന്‌ ശേഷം എല്ലാ ദൈവങ്ങളേയും വിളിച്ച് ഇടത് കാലില്‍ തന്നെ കുത്തിവെപ്പ് എടുത്തു. എന്തായലും അവന്‍ ഒട്ടും കരഞ്ഞില്ല. അത്രയും ആശ്വാസം.

The Road Not Taken -നെ കുറിച്ച് പശ്ചാത്തപിച്ച മറ്റൊരു നിമിഷം!

Update: 16.Sep.2008
ഉമേഷിന്റെ ചോദ്യവും സൂരജിന്റെ ഉത്തരവും ഇന്ന് വായിച്ചു. സൂരജ് പറയുന്ന കണക്കുകള്‍ കേള്‍ക്കുമ്പോള്‍ ആശ്വാസം.


കുഞ്ചു ഇപ്പോ വല്യ ആളായിപ്പോയി.

8 മാസം തികഞ്ഞപ്പോ ഇരിക്കാന്‍ പഠിച്ചു, ക്ലാപ്പ് ചെയ്യാന്‍ പഠിച്ചു, പിന്നെ, നമ്മള്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന്‌ കണ്ടാല്‍ മസ്തി ചെയ്യാന്‍ പഠിച്ചു.

അടുത്ത മാസം കുഞ്ചു നാട്ടിലെത്തുന്നതും കാത്ത് ഇരിപ്പാണ്‌ അഛാഛന്‍മാരും അമ്മമ്മമാരും ഒക്കെ. ശരിക്കും പറഞ്ഞാല്‍ ദിവസങ്ങള്‍ എണ്ണിയെണ്ണി. വിമാനക്കൂലി കുത്തനെ കൂട്ടിയതോടെ ഫ്ലൈറ്റില്‍ പോകല്‍ നിര്‍ത്തി. ട്രെയിനില്‍ 24 മണിക്കൂര്‍ യാത്ര കുഞ്ചൂനെയും കൊണ്ട് എങ്ങനെ എന്നാലോചിക്കുമ്പോള്‍ ഒരെത്തും പിടിയും കിട്ടുന്നില്ല. രാത്രി അവന്‍ ഇമ്മാതിരി അലറിയാല്‍ കൂടെയുള്ളവര്‍ ഞങ്ങളെ മൊത്തം എടുത്ത് പുറത്തേക്കെറിയും. അപ്പഴേക്കും ഇത്തിരി നല്ല ശീലം പഠിക്കടാ കുഞ്ചു സാറേ... :)


അങ്ങനെ ഏഴ് മാസക്കാരനായെന്റെ കുഞ്ചു. മുകളിലും താഴെയും ആയി നാല്‌ പല്ല് വന്നിട്ടുണ്ട്. എല്ലാവര്‍ക്കും പല്ല് വരാന്‍ നേരം വൈകുമ്പോള്‍ ഇവന്‌ നേരത്തേ വന്നു. അമ്മയെ പോലെ ഒരു തീറ്റക്കാരനാകുമെന്നാ തോന്നുന്നേ. എഴുന്നേറ്റ് ഇരിക്കാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷേ അങ്ങോട്ട് ആവുന്നില്ല. ഉരുളല്‍ പ്രസ്ഥാനം നിര്‍ത്തി ഇപ്പോ നെഞ്ച് വെച്ച് കഷ്ടപ്പെട്ട് നീന്തുന്നുണ്ട് ആശാന്‍. ഉറക്കത്തിന്റെ കാര്യത്തില്‍ നേരിയ പുരോഗതിയുണ്ട്. ഒരു പന്ത്രണ്ട് മണിയൊക്കെ ആവുമ്പോള്‍ ഉറങ്ങുന്നുണ്ട്.

കല്യാണി ചേച്ചി ഒരു രക്ഷയുമില്ല. കുട്ടിയെ നോക്കല്‍ ഒഴിച്ച് ബാക്കി എന്ത് പണി ചെയ്യാനും ആള്‍ക്ക് നല്ല ഉത്സാഹമാണ്‌. ഓഫീസില്‍ നിന്ന് ഞാനെത്തിക്കഴിഞ്ഞാല്‍ "ഹാവൂ ... രക്ഷപ്പെട്ടു" എന്ന ഭാവമാണ്‌. അതിന്‌ ശേഷം കുഞ്ചു കരഞ്ഞാലോ, അലറിയാലോ ഒന്നും, ഞാനീ നാട്ടുകാരിയല്ല എന്ന മട്ടാണ്‌. ഞാന്‍ ചപ്പാത്തിയുണ്ടാക്കാന്‍ നില്‍ക്കുന്ന അര മണിക്കൂര്‍ പോലും കുട്ടിയെ കരയിക്കാതെ നോക്കാന്‍ അതിന്‌ പറ്റുന്നില്ല. ഒറ്റ കൈ കൊണ്ട് ചപ്പാത്തി പരത്താന്‍ വരെ ഞാനിപ്പോ പഠിച്ചു കഴിഞ്ഞു. :)


ഇന്ന് കുഞ്ചൂന്‌ 6 മാസം തികഞ്ഞു.

മൊട്ടത്തലയില്‍ മുടി വരും എന്നൊരു പ്രതീക്ഷ ആ തല തരാന്‍ തുടങ്ങിയിട്ടുണ്ട്. പ്രാര്‍ത്ഥിച്ചതിന്‌ ഫലം കിട്ടി :)

ഇരിക്കണം എന്ന് ആഗ്രഹം ഉണ്ട്, പക്ഷേ അതങ്ങോട്ട് നടക്കുന്നില്ല. കമിഴ്ന്ന്‌ കിടന്ന് കാലിന്റെ പെരുവിരല്‍ കുത്തി, തലയും കുട്ടി പൊങ്ങും ഒരു വില്ലു പോലെ. എന്നിട്ടാണ്‌ ഇരിക്കാന്‍ നോക്കുന്നത്‌. അപ്പോ മലര്‍ന്ന് വീഴും. കൈ കുത്തി ഉയര്‍ന്ന് കുട്ടിയാന പോസില്‍ നിന്നിട്ട് ഇരിക്കാന്‍ അവനറിയില്ല.

ഒരു സെന്റി മീറ്റര്‍ പോലും നീന്തല്‍ നഹി. ഉരുണ്ട് ഉരുണ്ടാണ്‌ ഒരു സ്ഥലത്ത് നിന്ന്‌ മറ്റേ സ്ഥലത്തേക്ക് പോകുന്നത്. അതും മടി തന്നെ.

രാവിലേയും വൈകുന്നേരവും കുറുക്കോ ചോറൊ മാറി മാറി കഴിക്കുന്നുണ്ട്. അമ്മയെ പോലെ ഒരു ബിസ്കറ്റ് പ്രേമിയും അച്ഛനെ പോലെ ഒരു പരിപ്പ്‌ പ്രേമിയും ആണെന്ന് തോന്നുന്നു. ഈ രണ്ടും കണ്ടാല്‍ ഹാപ്പി ഹാപ്പി.

ഉറക്കം ഇപ്പഴും രാത്രി 2 മണി. രാവിലെ ഉണരുന്നത് 10 മണിക്കും. :(

അപരിചിതരോട് അപരിചിതത്വം കാണിക്കാന്‍ തുടങ്ങി. അച്ഛനെ കാണുമ്പോഴുള്ള എക്സൈറ്റ്മെന്റും അമ്മയെ കാണുമ്പോഴുള്ള "ഓ.. വന്നോ, എന്നാല്‍ ഒന്ന് ചിരിച്ചു കളയാം" ഭാവവും അതു പോലെ തന്നെ തുടരുന്നു.


രാവിലെയായാല്‍ തുടങ്ങുകയായി സുഖവിവരാന്വേഷണ സന്ദര്‍ശക പ്രവാഹം. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നൊക്കെ പറയാം, പക്ഷേ ഈ കോമണ്‍ സെന്‍സ് എന്ന സാധനം കുറച്ച് വാങ്ങാന്‍ കിട്ടുന്ന ഒരു കട ഉണ്ടായിരുന്നെങ്കില്‍ വരുന്നവര്‍ക്ക്‌ ചായക്കൊപ്പം അതും കൂടി കൊടുക്കാമായിരുന്നു എന്ന്‌ തോന്നിപ്പോകും.

രാത്രി മുഴുവന്‍ ഉറക്കമില്ലാത്ത എന്റെ പുത്രന്‍ പകല്‍ പോലും വളരെ കുറച്ചാണ്‌ ഉറങ്ങുന്നത്‌. ആ ഒരിത്തിരി സമയം കാത്തിരുന്നാണ്‌ ഞാനെന്റെ പ്രസവരക്ഷക്കുളിയും പിന്നെ ഒരല്പം ഉറക്കവും. അങ്ങനെ ഒന്ന് മയങ്ങി വരുമ്പോള്‍ അതാ വരുന്നു, അമ്മയുടെ അനിയന്റെ ഭാര്യയുടെ ചേച്ചീടെ നാത്തൂന്‍ അല്ലെങ്കില്‍ അടുത്ത വീട്ടിലെ കമലമ്മായീടെ മോളെ കെട്ടിച്ച വീട്ടിലെ അമ്മായിഅമ്മയും അനിയത്തിയും. ശെടാ! എന്റെയൊരു പ്രസവം ഇവരൊക്കെ എങ്ങനെയറിഞ്ഞു.

"എവിടെ നമ്മടെ കുഞ്ഞന്‍?" എന്ന ചോദ്യവും ആളുടെ തലയും ഒപ്പം എത്തും ബെഡ് റൂമിലേക്ക്. മിക്കവാറും അതോടെ സുഖമായി ഉറങ്ങുന്ന കുഞ്ഞ് ഞെട്ടിയുണര്‍ന്ന് കാണും. ഇനിയിപ്പോ ഉണര്‍ന്നിട്ടില്ലെങ്കില്‍ "അയ്യട.. എന്റെ കുഞ്ഞി മോന്‍ ഉറങ്ങാ, മോനെ ഞാന്‍ ഒന്നെടുക്കട്ടേ.." എന്നാവും. ഇതെപ്പോ അവരുടെ കുഞ്ഞി മോനായി? ഈ പറയുന്ന ആള്‍ക്കാരെ ഞാന്‍ ഇക്കണ്ട കാലത്തിനിടക്ക് കണ്ടിട്ടും കൂടിയില്ല. അടുത്ത ചോദ്യം മയക്കത്തില്‍ നിന്ന് ഉണര്‍ന്ന് ഉറക്കക്കണ്ണോടെ കിടക്കുന്ന നമ്മളോടാണ്‌. "മോള്‍ അറിയുമോ എന്നെ". കൊച്ച് ഇതോടെ കരയാന്‍ തുടങ്ങിക്കാണും. അതിനിടക്ക് ദേഷ്യവും, അമര്‍ഷവും ഒക്കെ പുറത്ത് കാണിക്കാതെ, ഇതാരെന്ന് മനസ്സിലാകാതെ, "പിന്നേ, എനിക്കറിയാമല്ലോ" എന്ന ഭാവത്തിലുള്ള ആ ചിരി മുഖത്ത് വരുത്തണമെങ്കില്‍ പച്ചാളം ഭാസിയുടെ പതിനൊന്ന് "നവരസങ്ങള്‍" പോരാതെ വരും.

ഞാന്‍ പെറ്റതാ അഞ്ചെട്ടണ്ണം എന്ന മട്ടില്‍ കുട്ടിയെ എടുത്തിട്ട്, എന്ത് ചെയ്താലും കുട്ടി കരച്ചില്‍ നിര്‍ത്താതാവുമ്പോള്‍ നീട്ടും നമ്മുടെ നേരെ. "അതിന്‌ വെശന്ന്ട്ട്ണ്‌ ട്ടാ, വല്ലതും കൊട്ക്ക്". (അല്ലാതെ ഉറക്കത്തീന്ന് എടുത്തത് കൊണ്ടല്ല) അടുത്ത പടി നമ്മള്‍ കുട്ടിയെ കയ്യില്‍ വാങ്ങി അവരുടെ മുന്നിലിരുന്ന്‍ പാല്‍ കൊടുക്കണം. മുറിയില്‍ നിന്ന്‌ ഒന്ന്‌ മാറിത്തരാനോ അല്ലെങ്കില്‍ നെഞ്ചത്തേക്ക് തുറിച്ച് നോക്കാതിരിക്കാനോ പോലും ഉള്ള ആ പറഞ്ഞ സാധനം - കോമണ്‍ സെന്‍സ് - ഏ..ഹേ.

കഴിഞ്ഞിട്ടില്ല, വയറ് നിറഞ്ഞിരിക്കുന്ന കുഞ്ഞ് ആ സമയത്ത് പാല്‍ കുടിക്കില്ല, മാത്രമല്ല കുടിപ്പിക്കാന്‍ നോക്കുമ്പോള്‍ കൂടുതല്‍ കരയുകയുയും ചെയ്യും. അപ്പോ അതാ വരുന്നു അടുത്ത ചോദ്യം "എന്തേ, പാലില്ലേ ആവശ്യത്തിന്‌?" ഗുരുവായൂരപ്പാ ഒരു രണ്ട്‌ കിലോ ക്ഷമ..

കുഞ്ഞ് വീണ്ടും കരയുകയാണ്‌. അമ്മ വന്നവര്‍ക്ക്‌ ചായ ഉണ്ടാക്കാന്‍ അടുക്കളയിലാണ്‌. കുഞ്ഞിനെ എടുത്ത് എണീറ്റ് നടന്ന് ഉറക്കുകയേ വഴിയുള്ളു. അത് ചെയ്ത് തുടങ്ങുമ്പോള്‍ നമ്മുടെ അഭ്യുദയകാംക്ഷി ചായ കുടിക്കാന്‍ പോകുന്നു.. അതും കഴിഞ്ഞ് നാട്ടു വര്‍ത്താനം മുഴുവന്‍ കഴിഞ്ഞ് ഇറങ്ങാന്‍ നേരത്തും, കുഞ്ഞിനെ എടുത്ത് ഉറക്കാന്‍ പാട് പെടുന്ന നേരത്ത് ഉപദേശം - "പെറ്റ പെണ്ണുങ്ങള്‍ മലര്‍ന്ന് കിടന്ന്‌ വിശ്രമിക്കണം, ഇങ്ങനെ എണീറ്റ് നടക്കല്ലേ. ഇതിന്റെയൊക്കെ അപകടം പിന്നീടാ അറിയുക". ബെസ്റ്റ്!

എല്ലാവരും ഇങ്ങനെയെന്നല്ല, പക്ഷേ ഇങ്ങനെ വരുന്ന കുറച്ച് സന്ദര്‍ശകരും ഉണ്ട് എന്നത് എന്റെ അനുഭവം.


ഇതൊക്കെ കണ്ടാല്‍ തോന്നും ലോകത്ത് ആകെക്കൂടി പ്രസവം നടക്കുന്നത് കേരളത്തില്‍ മാത്രമാണെന്ന്. എന്റെ കൂടെ ജോലി ചെയ്യുന്ന തമിഴന്മാരോടും തെലുങ്കരോടും ദില്ലിക്കാരോടും ഒക്കെ ഞാന്‍ ചോദിച്ചു. അവിടെയൊന്നും ഇത്രയും വിശദമായി ഇല്ലത്രേ ഈ പൊല്ലാപ്പ്.

പ്രസവത്തിന്റെ വേദന ഏതാനും മണിക്കൂറുകളാണെങ്കില്‍ പ്രസവരക്ഷ എന്ന ഈ പൊല്ലാപ്പ്, 40 ദിവസം നീളുന്നതാണ്‌. ഏറ്റവും അസഹനീയമായത് തിളച്ച (യെസ്! ശരിക്കും തിളച്ച) വെള്ളത്തിലുള്ള കുളിയാണ്‌. അതിന്‌ മുന്‍പായി ഒരു മണിക്കൂര്‍ നീളുന്ന ഒരു തടങ്കലും ഉണ്ട്. ധന്വന്തര തടങ്കല്‍! ദേഹം മുഴുവന്‍ ധന്വന്തരം കുഴമ്പിട്ട് കൊഴ കൊഴ ആക്കിയിട്ട്‌ ഒരു മണിക്കൂര്‍ നേരം ബാത്ത്റൂമില്‍ അടച്ചിരിക്കണം. എന്നെ കൊല്ലുന്നതിന്‌ തുല്യമായിരുന്നു അത്. ഈ തടവിലിടുന്ന ഒരു മണിക്കൂര്‍ നേരം പുറത്ത് കുഞ്ഞ് കരയുന്നത് കേള്‍ക്കുകയും കൂടി ചെയ്യുമ്പോള്‍ എന്തോരം സുഖമുണ്ടാകും അകത്തിരിക്കാന്‍ എന്ന് ഒന്ന് ആലോചിച്ചു നോക്കു. അതിന്‌ ശേഷമാണ്‌ അടുത്ത അക്രമം. തിളച്ച വെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് നമ്മുടെ ശരീരമാസകലം ഉള്ള ഒരു ഉഴിച്ചില്‍. ജീവന്‍ പറന്നു പോകും. സത്യം!

പിന്നെയുള്ളത് പ്രസവ രക്ഷാമരുന്നുകളും പഥ്യങ്ങളും ആണ്‌. വൃത്തികെട്ട മണമുള്ളതും കയ്പ്പുള്ളതും മാത്രമായ സാധനങ്ങള്‍ നോക്കി പ്രസവരക്ഷക്ക് മരുന്ന് കണ്ടുപിടിച്ചതാരാണാവോ! ഇതിനൊക്കെയും പുറമെ, പ്രസവം കഴിഞ്ഞാല്‍ വായിക്കാന്‍‌‍ പാടില്ല, ടി.വി.കാണാന്‍ പാടില്ല, ഇരിക്കാന്‍ പാടില്ല, കമ്പ്യൂട്ടര്‍‍ നോക്കാന്‍ പാടില്ല. ഇനി ഇതിലേതെങ്കിലുമൊക്കെ ധിക്കരിച്ചാലോ? "ഇപ്പഴൊന്നുമല്ല, ഇതിന്റെയൊക്കെ കോട്ടം കുറെ കാലം കഴിയുമ്പോഴാ അറിയുക" എന്നൊരു ഡയലോഗ് എവിടെ നിന്നെങ്കിലും കേള്‍ക്കാം.

പഴമക്കാര്‍ പറഞ്ഞു വെച്ചതല്ലേ.. എന്തെങ്കിലും കാര്യം കാണുമായിരിക്കും എന്ന് സമാധാനിക്കാം.
ആയുര്‍‌വേദ വിധിയിലുള്ള പ്രസവരക്ഷ വല്യമ്മായി എഴുതിവെച്ചിട്ടുണ്ട് , ഇവിടെ


നവംബര്‍ 23-ന് ഡയറിയുമെഴുതി പോയതാ. രണ്ട് ദിവസം വീട്ടില്‍ റെസ്റ്റ് എടുത്ത് 26-ന്‌ പോയി പ്രസവിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. അന്നാണല്ലോ ഡേറ്റ് പറഞ്ഞിരുന്നത്.

ഓഫീസില്‍ നിന്ന് എല്ലാവരോടും ബൈ ബൈയും പറഞ്ഞ് ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ കൊടുത്തത് വാങ്ങാന്‍ പോകുമ്പഴേ എന്തൊക്കെയോ ഒരു വയ്യായ്ക. കാറിനകത്ത് കക്കൂസ് ഉണ്ടായിരുന്നെങ്കില്‍ എന്നൊരു തോന്നല്‍. കാലിനൊക്കെ ഒരു കഴപ്പ്. ബ്ലഡ് ടെസ്റ്റ് ചെയ്തതും വാങ്ങി ഡോക്ടറെ കാണാനാണല്ലോ പോകുന്നത് എന്നോര്‍ത്തപ്പോള്‍ അസ്വസ്ഥതയൊക്കെ ഒന്ന് കുറഞ്ഞ പോലെ. വീട്ടില്‍ ചെന്ന് അമ്മയേയും കൂട്ടി ഡോക്ടറുടെ അടുത്ത് ചെന്നു. റിപ്പോര്‍ട്ട് വായിച്ചതും ഡോക്ടര്‍ പറഞ്ഞു "പഞ്ചാരയടി കൂടുതലായോ ഈയിടെയായിട്ട് എന്നൊരു സംശയം" എന്ന്. ഭര്‍ത്താവ് പഞ്ചാരയടിച്ചാല്‍ ഭാര്യക്ക് ഷുഗര്‍ വരുമോ ഡോക്ടര്‍?

എന്തായാലും ഷുഗറാന്‍ ചേട്ടന്‍ നിക്കുന്നത് 222 ലാണ്‌, അതത്ര പന്തിയല്ല എന്ന് ഡോക്ടറുടെ അഭിപ്രായം. കൂട്ടുകാരി ഡോക്ടറെ വിളിച്ചു. മൂപ്പത്തിയാരും അതു തന്നെ പറഞ്ഞു. ഷുഗറാന്‍ സ്പെഷലിസ്റ്റ് ഡോക്ടറയ്യരെ വിളിക്കുന്നു. പുള്ളിയും അതു തന്നെ പറയുന്നു. ഏതായാലും ഡേറ്റിനടുത്തായില്ലേ നമുക്ക് ഇന്ന് തന്നെ അഡ്മിറ്റാവാം. നാളെ പുലര്‍ച്ചെ ഓപ്പറേറ്റ് ചെയ്ത് പരിപാടി തീര്‍ക്കാം.

അയ്യോ.. അത് ശരിയാവില്ല. അപ്പോ പ്രസവം? ഞാന്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പണിയെടുത്തതും, ട്രെഡ്‌മില്ലിനെ ഒരു ദിവസം പോലും മുടക്കാതെ പീഢിപ്പിച്ചതും കീഗല്‍‍ എക്സര്‍സൈസ് ഒക്കെ ചെയ്തതും ഒരു ദിവസം പോലും മുടങ്ങാതെ ഓഫീസില്‍ പോയതും ഒക്കെ എന്തിനാ? പണ്ടത്തെ ഒരു ഡയലോഗുണ്ടല്ലോ, നെല്ല് കുത്തിക്കൊണ്ട് നിക്കുമ്പോ പോയി പ്രസവിച്ചു, ഞാറ് നടുമ്പോ പ്രസവിച്ചു എന്നൊക്കെ? അതു പോലെ കോഡെഴുതുമ്പോ പുല്ലു പോലെ പോയി പ്രസവിച്ചു എന്ന് പറയാനാ. അതിപ്പോ സിസേറിയനായാ എങ്ങനെ ശരിയാവും? ആള്‍‍ മൈ എഫര്‍ട്ട്സ് വില്‍ ബി ഇന്‍ വെയിന്‍...
കുട്ട്യേടത്തി പറഞ്ഞതെത്ര സത്യം! ഒരു കുഞ്ഞ്യേ കാര്യം വരുമ്പോഴേക്കും ഇവിടെ സി സെക്ഷന്‍.

പക്ഷേ ആ നേരത്ത് ഇതൊന്നും എന്റെ വായില്‍ നിന്ന് വന്നില്ല എന്ന് മാത്രമല്ല Gestational Diabetes -നെ പറ്റി വായിച്ചതൊക്കെ ഓര്‍ത്തപ്പോള്‍ ചെറിയ ടെന്‍ഷനുമായി. അതിലേറെ ടെന്‍ഷന്‍ എന്റെ കൂട്ടുകാരന്റെ മുഖത്തും ഞാന്‍ കണ്ടു. എന്തിനധികം പറയുന്നു, അന്നു തന്നെ അഡ്മിറ്റായി. അമ്മ പറയുന്നുണ്ട് ഒന്നും പേടിക്കണ്ട എന്ന്, ഞാനും പറയുന്നു എനിക്കൊരു ബുദ്ധിമുട്ടും ഇല്ല എന്ന്. പക്ഷേ പാവം എന്റെ കെട്ടിയോന്റെ ടെന്‍ഷന്‍! എന്നെ റൂമിലാക്കി അവര്‍ പോയി അവശ്യം വേണ്ട സാധനങ്ങളെടുത്ത് അര മണിക്കൂറിനുള്ളില്‍ തിരിച്ചെത്തി. പാതിരയായപ്പോള്‍, രാവിലെ വരാന്‍ പറഞ്ഞ് നേഴ്സ് പെങ്കുട്ടി ഏട്ടനെ വീട്ടിലേക്ക് പറഞ്ഞയച്ചു.

അങ്ങനെ ഞാനും അമ്മയും മുറിയിലും ചേട്ടായി തനുവങ്ങ് വീട്ടിലും മനമിങ്ങ് ആസ്പത്രിയിലുമായി രാവിലെ നാലുമണിയാക്കിയെടുത്തു. നാല്‌ മണിയായപ്പോ 'ആയമ്മമാര്‍' രണ്ട് പേര്‍ വന്നു. എന്നെ വൃത്തിയാക്കി, സിനിമേലൊക്കെ കാണുന്ന പോലെ ഇളം പച്ച ഉടുപ്പിടീച്ചു. കിടക്കപ്പായില്‍ നിന്നെണീറ്റാല്‍ അപ്പോ തന്നെ ചായ കുടിച്ചില്ലെങ്കില്‍ എനിക്ക് അന്നത്തെ ദിവസം പോക്കാ. ചായ പോയിട്ട് വെള്ളം പോലും കുടിക്കാന്‍ സമ്മതിച്ചില്ല. അപ്പോഴേക്കും ഏട്ടനെത്തി. ഒരു തരി പോലും ഉറങ്ങിയിട്ടില്ല എന്ന് കണ്ണ് കണ്ടാലറിയാം. ആയമ്മമാര്‍ എന്റെ മുടി രണ്ടായി പകുത്ത് മെടഞ്ഞിടുമ്പോള്‍ പണ്ട് സ്കൂളില്‍ പോകുന്ന കാലം ഓര്‍മ്മ വന്നു. അതിനിടയ്ക്ക് നഴ്സ് വന്ന്‌ ഏട്ടനെ കൊണ്ട് "ഞാന്‍ ചത്താല്‍ വഴക്കിനു വരില്ല" (ഹ ഹ) എന്ന് ഒപ്പിടീച്ച് വാങ്ങിച്ചു. പിന്നെ പതുക്കെ എന്നെ സ്റ്റ്രെ‌ക്‌ചറില്‍ കയറ്റി കിടത്തി. സിനിമയിലൊക്കെ ഭീകര രോഗമുള്ളവര്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ പോകുന്ന സീന്‍ പോലെ ഏട്ടനും അമ്മയും അപ്പുറവും ഇപ്പുറവും നിന്ന് ജാതി സെന്റി. അതു കണ്ടപ്പോ എന്റെ കണ്ട്റോളും പോയി. കണ്ണൊന്ന് നിറഞ്ഞു. അപ്പോഴേക്കും ഞാന്‍ തീയേറ്ററിനുള്ളില്‍ എത്തിക്കഴിഞ്ഞിരുന്നു. നമ്മുടെ ഡോക്ടറാന്റി അവിടെ തൊപ്പിയൊക്കെ വെച്ച് റെഡിയായി നിക്കുന്നുണ്ട്. "ബിക്കൂ, ഇന്നെന്റെ അനിയത്തീടെയും ബര്‍ത്ത് ഡേ ആണ്‌"
ആഹാ! ഏതനിയത്തീടെ ഡോക്ടര്‍?
ബോംബേലുള്ള അനിയത്തിയില്ലെ.. അവളുടെ.

ഡോക്ടര്‍ എന്നെ ചീര്‍ ചെയ്യാന്‍ നോക്കുന്നതാണെന്ന് എനിക്ക് മനസ്സിലായി. എനിക്ക് പുറത്ത് നിക്കുന്ന ആളുടെ കാര്യം ഓര്‍ത്തുള്ള വിഷമം മാത്രമേ ഉള്ളൂ. അമ്മ പിന്നെയും കൂള്‍ ആയിരിക്കും. പക്ഷേ മറ്റേ ആള്‍...

ഇവിടെ പറഞ്ഞ പോലെയുള്ള ഒരനുഭവം ഒരിക്കലും ഒരു ഗര്‍ഭിണിയും ആഗ്രഹിക്കുന്നുണ്ടാകില്ല. എന്തായാലും നമ്മുടെ നാട്ടില്‍ പ്രസവിക്കണ്ട എന്ന് തീരുമാനിക്കാന്‍ ആ പോസ്റ്റും ഒരു കാരണമായി എന്ന് പറയാം. വൃത്തിയും വെടിപ്പുള്ള ലേബര്‍ റൂമുള്ളതും പ്രസവത്തിന്‌ ഭര്‍‍ത്താവിനെ കൂടെ നില്‍ക്കാന്‍ സമ്മതിക്കുന്നതുമായ ഹോസ്പിറ്റല്‍ നോക്കി പ്രസവിക്കാന്‍ വന്നിട്ട് ഇപ്പോ എന്തായി. ഓപ്പറേഷന്‍ തീയേറ്ററില്‍ എന്തായാലും ഭര്‍‍‌ത്താവിനെ കയറ്റില്ലല്ലോ.

മനോഹരമായി, വൃത്തിയോടെ വെച്ചിരിക്കുന്ന വിശാലമായ ഒരു എന്റ്രന്‍സും കടന്ന് ഞാന്‍ യഥാര്‍ഥ തീയേറ്ററില്‍ എത്തി. അവിടെ ഒരു അറ്റന്ററും, രണ്ട് നഴ്സുമാരും ചേര്‍ന്ന് എന്നെ സ്‌ട്രെച്ചറില്‍ നിന്ന് ടേബിളിലേക്ക് മാറ്റി. അറ്റന്റര്‍ രണ്ട് കയ്യും പിടിച്ച് രണ്ട് സൈഡിലേക്ക് വെച്ച് കുരിശില്‍ കിടക്കുന്ന പോസിലാക്കി ക്ലിപ്പ് ഇട്ട് ബന്ധിച്ച് വെച്ചു. നഴ്സ് പെണ്‍കുട്ടി, നിമ്മി, മലയാളിയായിരുന്നു എന്ന് മനസ്സിലായത് അവള്‍ എന്നോട് മലയാളത്തില്‍ സംസാരിച്ചപ്പോഴാണ്‌. ഞാന്‍ മലയാളിയാണെന്ന് എങ്ങനെ മനസ്സിലായി എന്ന് ചോദിച്ചപ്പോ സ്‌ട്രെച്ചറില്‍ നിന്ന് ടേബിളിലേക്ക് മാറ്റിയപ്പോ "എന്റമ്മേ" എന്ന് പറഞ്ഞൂത്രെ ഞാന്‍. ഹ ഹ...! "ദേ പാമ്പ് "എന്ന് പറഞ്ഞപ്പോ "അയ്യോ എവിടെ" എന്ന് ചോദിച്ച സിനിമാ സീന്‍ ഓര്‍മ്മ വന്നു.

നിമ്മി എനിക്ക് മൂത്രം പോകാനുള്ള റ്റ്യൂബ് ഇട്ടു. ഇതൊരു ഇറിറ്റേറ്റിങ്ങ് വേദനയാണ്‌. അങ്ങനെ ഞാന്‍ കുരിശ്ശായി ടേബിളില്‍ ഇങ്ങനെ കിടക്കുമ്പോ എന്റെ ഡോക്ട്റും കൂട്ടുകാരി ഡോക്ടറും പിന്നൊരു കൂട്ടുകാരന്‍ ഡോക്ടറും കൂടി കഥയൊക്കെ പറഞ്ഞ് തീയേറ്ററിലേക്ക് വന്നു. കൂട്ടുകാരന്‍ ഡോക്ടര്‍ വന്ന ഉടനെ തെലുങ്കില്‍ "എന്താ കുട്ടീ, കുഴപ്പമൊന്നും ഇല്ലല്ലോ" എന്ന് കുശലം ആരംഭിച്ചു. കാര്യം പറഞ്ഞത് മനസ്സിലായെങ്കിലും മനസ്സിലായി എന്നു കാണിച്ചാല്‍ ഇനിയും എന്തെങ്കിലും തെലുങ്കില്‍ തന്നെ പറഞ്ഞാലോ എന്ന് പേടിച്ച് ഞാന്‍ എന്റെ ഡോക്ടറെ നോക്കി. എന്റെ ഡോക്ടര്‍ കൂട്ടുകാരന്‍ ഡോക്ടറോട് എനിക്കു തെലുങ്കറിയില്ല എന്ന കാര്യം പറഞ്ഞതോടെ മൂന്നുപേരും പിന്നെ ഇംഗ്ലീഷില്‍ തന്നെയായി എന്നോട് സംസാരം. അങ്ങനെ കൊച്ചു വര്‍ത്താനം പറയുന്നതിനിടയിലൊക്കെ അവര്‍ എന്തൊക്കെയോ ചെയ്യുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ എന്നോട് ചെരിഞ്ഞ് കിടക്കാന്‍ പറഞ്ഞു. ഞാന്‍ കഷ്ടപ്പെട്ട് ചെരിഞ്ഞപ്പോള്‍ ആ അറ്റന്റര്‍ കശ്മലന്‍ എന്റെ കാല്‍മുട്ടുകളും തലയും രണ്ട് വശത്തു നിന്നും വലിച്ചടുപ്പിച്ച് എന്റെ മുതുക് ഒരു വില്ല് പോലെയാക്കി. എന്റെ മത്തങ്ങ വയറ് അതിനിടയില്‍ പെട്ട് ഇപ്പോ പൊട്ടുമോ എന്ന് വിചാരിച്ചു പോയി. ഹോ! അതൊരു പ്രതീക്ഷിക്കാത്ത പരിപാടിയായിരുന്നു. എനിക്ക് ചിന്തിക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പ് കൂട്ടുകാരന്‍ ഡോക്ടര്‍ എന്റെ നട്ടെല്ലില്‍ ഒരു സിറിഞ്ച് കയറ്റി. ശരിക്കൊന്ന് പുളഞ്ഞു പോയി... ഇല്ല പുളയാല്‍ പറ്റിയില്ല. ആ തടിമാടന്‍ അറ്റന്റര്‍ കാലും തലയും കൂട്ടി മുറുക്കി പിടിച്ചിരിക്കയായിരുന്നു. ഇഞ്ചെക്റ്റ് ചെയ്തു കഴിഞ ഉടനെ ചട പടാ എന്ന് എന്നെ നേരെ കിടത്തി, കാലൊക്കെ നിവര്‍ത്തി വെച്ചു, നിമിഷങ്ങള്‍ക്കക്കം എന്റെ അരയ്ക്ക് കീഴ്പ്പോട്ട് ഇല്ലാതായതായി എനിക്ക് തോന്നി.

എന്റെ ലോക്കല്‍ അനസ്തേഷ്യ ശരിയായോ എന്നറിയാന്‍ ഡോക്ടര്‍ എന്റെ കാലിലും വയറിലുമൊക്കെ പിച്ചി നോക്കിയിട്ടാണെന്ന് തോന്നുന്നു, "ആര്‍ യു ഫീലിങ്ങ് പെയിന്‍?" എന്ന് മൂന്നു നാലു വട്ടം ചോദിച്ചു. കാല്‍ തന്നെ ഇല്ല എന്നാണ്‌ എനിക്കു തോന്നുന്നത്, പിന്നെയല്ലേ വേദന. അങ്ങനെ അവര്‍ കത്തി പ്രയോഗം തുടങ്ങാനുള്ള തയ്യാറെടുപ്പില്‍ അടി വയറ്റില്‍ ക്ലീന്‍ ചെയ്തു, എന്തോ വെച്ച് മാര്‍ക്ക് ചെയ്തു. അപ്പോഴാണ്‌ കൂട്ടുകാരി ഡോക്ടര്‍ ഞാനിതൊക്കെ നോക്കിക്കോണ്ട് കിടക്കുന്നത് ശ്രദ്ധിച്ചത്. അങ്ങനെ ഇപ്പോ സുഖിക്കണ്ട ട്ടാ എന്ന് പറഞ്ഞ് അറ്റന്ററിനോട് തെലുങ്കില്‍ എന്തോ പറഞ്ഞപ്പോള്‍ ചുള്ളന്‍ വന്ന് എന്റെ നെഞ്ചിനു മുകളിലായി ഒരു സ്ക്രീന്‍ കൊണ്ട് വെച്ചു. ശോ!ഇനി വയറ്റില്‍ നടക്കുന്ന ദാരുണ സംഭവങ്ങളൊന്നും എനിക്ക് കാണാന്‍ പറ്റില്ല. "സ്ക്രീന്‍ വേണ്ട ഡോക്ടര്‍ എനിക്ക് പേടിയാവില്ല" എന്ന് പറഞ്ഞ് നോക്കിയെങ്കിലും 'അയ്യട! എന്നിട്ടു ബോധം പോയിട്ട് വേണം പിന്നെ അതിന്‌ ചികിത്സിക്കാന്‍' എന്ന് പറഞ്ഞ് ഡോക്ടര്‍ എന്നെ പുച്ഛിച്ചു.

അങ്ങനെ നിരാശയായി മേപ്പോട്ട് നോക്കി കിടക്കുമ്പോഴാണ്‌ അവിടെ സ്ഥാപിച്ചിരിക്കുന്ന വലിയ ലൈറ്റിന്റെ സി‌ല്‍‌വര്‍ ഫ്രെയിമില്‍ എന്റെ വയറിന്റെ ഏരിയല്‍ വ്യൂ വിസ്തരിച്ച് ഞാന്‍ കാണുന്നത്. മിണ്ടാന്‍ പോയില്ല. പിന്നെ അവിടെയും വല്ല തുണി വലിച്ച് കെട്ടിയാല്‍ ഈ വയറ് കീറല്‍ മിസ്സാവില്ലേ. എന്തായാലും എന്റെ സി സെക്ഷന്‍ ഞാനാ സില്‍‌വര്‍ ഫ്രെയിമില്‍ വിശദമായി കണ്ടു. വയറ് ചെറുതായി തുറന്നതും, ഒരു വെളുത്ത സഞ്ചി പോലെ എന്തോ ഒന്ന് കണ്ടതും അതും അവര്‍ തുറന്നോ എന്ന് മനസ്സിലായില്ല, ബ്ലഡ് വരുന്ന മുറയ്ക്ക് നീക്കം ചെയ്യുന്നതും, പിന്നെ കുഞ്ഞിന്റെ തല പോലെ എന്തോ ഒന്ന് കണ്ടതും... ആ ഒരു കാഴ്ച! ഒരു നിമിഷത്തേക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അനുഭവമായിരുന്നു അത്.

പിന്നെ കണ്ടത് കുഞ്ഞിനെ പുറത്തേക്ക് എടുക്കുന്ന ഡോക്ടര്‍.. 'ബിക്കൂ ഇറ്റ് ഈസ് എ ബോയ്‌യ്‌യ്‌യ്‌' എന്ന് ഡോക്ടര്‍ നീട്ടി പറഞ്ഞതും അവന്‍ "കേ...", "കേ..." എന്ന്‌ കരച്ചില്‍ തുടങ്ങിയതും, നിമ്മി എന്റെ മുഖത്തിനടുത്ത് അവനെ കൊണ്ടു വന്നതും, അവിടെ തന്നെ ഒരു റ്റ്രേയില്‍ വെച്ച് അവന്റെ ദേഹം തുടയ്ക്കാന്‍ തുടങ്ങുന്നതും, കൂട്ടുകാരന്‍ ഡോക്ടര്‍ സെവന്‍ ട്വെന്റി ഫൈവ് എ.എം എന്ന് ഉറക്കെ പറയുന്നതും, കൂട്ടുകാരി ഡോക്ടര്‍ 'സക്ഷന്‍ ഓണ്‍' എന്ന് പറയുന്നതും എന്റെ വയറ്റില്‍ നിന്ന്‌ ചര പരാ, ചര പരാ എന്ന് എന്തൊക്കെയോ ഒരു മെഷീന്‍ വലിച്ചെടുക്കുന്നതും ഒക്കെ, ഒക്കെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അവന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ!