അങ്ങനെ നമ്മുടെ റോസിലി ചേച്ചി എത്തിപ്പോയ്!

എന്നെക്കൊണ്ട് പറ്റുന്നില്ല എല്ലാം കൂടി. മൂന്ന് നേരം ഭക്ഷണം ഉണ്ടാക്കല്‍, അലക്കല്‍, തുടക്കല്‍, ഓഫീസ് ജോലി. ഓഫീസിലാണെങ്കില്‍ ഒരു കുന്ന് പണി. ഞാനാണെങ്കില്‍ അഞ്ച് മാസം ആയപ്പോഴേക്കും എട്ട് മാസം ആയ പോലെയാണ്‌ വയറും വീര്‍‍പ്പിച്ച് നിക്കുന്നത്. ആരും സഹായത്തിനില്ലാതെ എനിക്ക് പറ്റും എന്നൊക്കെ ഞാന്‍ അഹങ്കരിച്ചിരുന്നു. പക്ഷേ എല്ലാം കൂടിയാകുമ്പോ പറ്റുന്നില്ല. എന്നും നേരം വൈകുന്നു, ഞാന്‍ കാരണം ഏട്ടന്‍.

അപ്പോ പിന്നെ റോസിലിയേച്ചിയെ അങ്ങ് ഇമ്പോര്‍ട്ട് ചെയ്യിച്ചു. ഇനി സുഖം, സ്വസ്ഥം. വൈകുന്നേരം ഓഫീസില്‍ നിന്ന് വരുമ്പോഴേക്കും, പരിപ്പുവട, കിണ്ണത്തപ്പം, ഉള്ളി ബജി.. നല്ല സുഖം. ഇനി കുറച്ചു നാള്‍ ഞാനൊന്ന് ആഘോഷിക്കട്ടെ.


പഠിക്കാനുള്ള ടെക്സ്റ്റ് ബുക്ക് അല്ലാതെ ഒരു വരി പോലും ജീവിതത്തില്‍ വായിക്കാത്ത പെണ്ണുങ്ങള്‍ പോലും ഗര്‍ഭിണിയാകുമ്പോള്‍ ഗര്‍ഭസംബദ്ധമായ എന്തെങ്കിലും ഒക്കെ വായിക്കാന്‍ താല്പര്യപ്പെടും എന്നാണ്‌ എനിക്ക് തോന്നുന്നത്. എന്റെ കാര്യത്തിലാണെങ്കില്‍ ബാക്കി എല്ലാ വായനയും ഇപ്പോ അവസാനം എത്തുന്നത് ഗര്‍ഭവായനയിലാണെന്ന് പറയാം. ഇന്റെര്‍നെറ്റില്‍ ആകെക്കൂടി മലയാളത്തില്‍ വായിക്കാന്‍ കിട്ടിയത് ദേവേട്ടന്റെ ഈ പോസ്റ്റാണ്‌. പോസ്റ്റും കമന്റുകളും ഒക്കെ കൂടി അതൊരു അത്യാവശ്യ വിവരങ്ങള്‍ തരുന്ന പോസ്റ്റായിട്ടുണ്ട്.

ഗര്‍ഭിണിയാണെന്ന് കേട്ടാല്‍ എല്ലാവരും ആദ്യം നിര്‍ദേശിക്കുന്ന പുസ്തകം "What to expect when you are Expecting" (By Heidi Murkoff,Arlene Eisenberg And Sandee Hathaway) എന്ന പുസ്തകമാണ്‌. വളരെ ഉപകാരപ്രദമാണിത്. എന്റെ കാര്യത്തിലാണെങ്കില്‍ എന്റെ ഒരു വിധത്തില്‍ പെട്ട ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം അതിലുണ്ടായിരുന്നു. മാത്രമല്ല "ഗര്‍ഭണന്മാര്‍ക്ക്" വേണ്ടിയും ഒരു ചെറിയ സെക്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് അതില്‍. (അത് വേണ്ടപ്പെട്ടവര്‍ വായിച്ചാല്‍ വായിച്ചു, അതന്നെ). മറ്റൊരു പുസ്തകം ഞാന്‍ റെക്കമെന്റ് ചെയ്യുന്നത് Sangeeta Bhargava യുടെ Letters To My Baby എന്ന പുസ്തകമാണ്‌. What to Expect-ല്‍ പ്രധാനമായും അമേരിക്കന്‍ ഗര്‍ഭിണികളെ ഉദ്ദേശിച്ച് അവര്‍ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളാണ്‌. പ്രധാനമായും ഭക്ഷണ സാധനങ്ങള്‍ ഒക്കെ അമേരിക്കയില്‍ അല്ലെങ്കില്‍ മറ്റ് വിദേശ രാജ്യങ്ങളില്‍ അവര്‍ കഴിക്കുന്ന രീതികളിലാണ്‌ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ Letters To My Baby ഒരു ദേശിപ്പുസ്തകം ആണ്‌. ഒരു ആവരേജ് ഇന്ത്യന്‍ ഗര്‍ഭിണിയുടെ വിചാരങ്ങളും ആകാംക്ഷകളും ഒക്കെയാണ്‌ ഇതില്‍ പറയുന്നത്. അതു കൊണ്ടു തന്നെ എനിക്കീ പുസ്തകത്തിനോടാണ്‌ കൂടുതല്‍ അടുപ്പം. ഈ ചുവന്ന പുസ്തകം ഇല്ലാതെ ഇപ്പോ എന്നെ കാണാന്‍ പറ്റുന്നില്ല എന്നായിട്ടുണ്ട്. ഉറങ്ങുമ്പോള്‍ പോലും തലയിണക്കടിയില്‍ ഇതുണ്ട്. :)

ഈ പുസ്തകത്തിലെ സുജാത തന്റെ ഗര്‍ഭത്തില്‍ വളരുന്ന കുട്ടിയോട് വിശേഷങ്ങള്‍ പറഞ്ഞ് കത്തെഴുതുന്ന പോലെയുള്ള ആദ്യ ഭാഗവും, കുഞ്ഞ് ജനിച്ച് കഴിഞ്ഞതിന്‌ ശേഷം നടക്കുന്ന കാര്യങ്ങളുടെ ആഴ്ചക്കുറിപ്പുകള്‍ ഉള്‍ക്കൊള്ളിച്ച രണ്ടാം ഭാഗവും അടങ്ങുന്നതാണ്‌ ഈ പുസ്തകം. സത്യമാണത്. എല്ലാ ഗര്‍ഭിണിയും ഗര്‍ഭം ധരിച്ച നിമിഷം മുതല്‍ അമ്മ തന്നെയാണ്‌. അവര്‍ സംസാരിക്കും അവരുടെ ഗര്‍ഭത്തിലെ കുഞ്ഞിനോട്. Sujatha's Pregnancy എന്ന സെക്ഷനില്‍ സുജാത തന്റെ കുഞ്ഞിനോട് പറയുന്ന പോലെ ഞാനും പറയുന്നു ഓരോ ദിവസത്തെ വിശേഷങ്ങള്‍ എന്റെ ഉണ്ണിയോട്.

ഈ പുസ്തകം എനിക്ക്‌ സമ്മാനിച്ച വല്യഛനും വല്യമ്മക്കും ഒരായിരം നന്ദി.


ഭാര്യാഗര്‍ഭേ ഭര്‍ത്താവുത്തരവാദിയായിടും എന്ന് വല്ല ശ്ലോകവും ഉണ്ടോ എന്ന് ഉമേഷ് ചേട്ടനോടൊന്ന് ചോദിക്കണം. ഭാര്യയുടെ ഗര്‍ഭത്തിനുത്തരവാദി ഭര്‍ത്താവ് തന്നെയാണ്‌ എന്നല്ല, ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന്‌ ഉത്തരവാദിത്ത ബോധം കൂടും എന്നാണ്‌ ഉദ്ദേശിച്ചത്. എന്തായാലും, ഞാന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ വേറെയാരും റോഡില്‍ പാടില്ല എന്ന പോലെ വണ്ടിയോടിക്കുന്ന മനുഷ്യനിപ്പോ പെട്ടെന്ന് നല്ലവനായി. റോഡ് ക്രോസ് ചെയ്യാന്‍ നിക്കുന്നവര്‍ക്ക് വേണ്ടി, പ്രത്യേകിച്ച് പെണ്ണുങ്ങള്‍ക്ക് വേണ്ടി, വണ്ടി നിര്‍ത്തി കൊടുക്കുന്നു, മറ്റുള്ളവരെ ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിച്ച് ഒതുക്കി കൊടുക്കുന്നു. ആകെ മര്യാദ! രാജേഷിന്റെ ഈ ബ്ലോഗ് പല പ്രാവശ്യം വായിപ്പിച്ചിട്ടും നടക്കാത്ത കാര്യങ്ങളാണിതൊക്കെ. :)


മോര്‍ണിംഗ് സിക്ക്നെസ്സ് ഇല്ലാതെന്ത് ഗര്‍ഭം! ഇനി എനിക്ക്‌ മാത്രമായി അതെങ്ങാന്‍ ഇല്ലാതിരിക്കുമോ എന്നായിരുന്നു എന്റെ വിചാരം. തുടങ്ങിക്കിട്ടിയപ്പോള്‍ വിവരമറിഞ്ഞു. അയ്യോ.. വേണ്ടായേ എന്ന് തോന്നാനും തുടങ്ങി.

ശര്‍ദ്ദിയൊന്നുമല്ല എന്റെ കാര്യമായ പ്രശ്നം. രാവിലെ ഉണരുമ്പോള്‍ തലയ്ക്ക് മച്ചിങ്ങ കൊണ്ട് ഒരു കലക്കന്‍ ഏറ് കൊണ്ട ഒരു പ്രതീതിയാണ്‌. ചര്‍ദ്ദിക്കാന്‍ വരികയാണോ എന്ന്‌ ചോദിച്ചാല്‍ അല്ല. എന്നാല്‍ അല്ലേ എന്ന് ചോദിച്ചാല്‍ ആണ്‌ താനും. ആ നേരത്ത് ആരെങ്കിലും ഒരു കട്ടന്‍ ചായ ഉണ്ടാക്കി തന്നിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകും. വല്ല വിധത്തിലും ഒന്ന് സ്റ്റാര്‍ട്ട് ആയിക്കിട്ടിയാല്‍ രക്ഷപ്പെട്ടു. 9 മണിയാവുമ്പഴേക്കും ബ്രേക്ക് ഫാസ്റ്റും, ചോറും കൂട്ടാനും റെഡിയാക്കി കുളിച്ചിറങ്ങി വരുമ്പോ വല്ലതും തിന്നാന്‍ എടുത്താല്‍ ഒരു രക്ഷയില്ല. എന്നാല്‍ തിന്നാതിരിക്കാന്‍ പറ്റുമോ? ലവനോ ലവളോ ഫസ്റ്റ് മീറ്റിങ്ങില്‍ തന്നെ "അമ്മയെന്താ എനിക്ക് പാപ്പം തരാതിരുന്നേ" എന്ന് ചോദിച്ചാല്‍ പെട്ടില്ലെ? കുറച്ചധികം സമയം എടുത്ത് കഴിച്ചാല്‍ പറ്റും. അതിന്‌ സമയമെവിടെയാ? അവസാനം ബ്രേക്ക് ഫാസ്റ്റ് കാറിലേക്ക് മാറ്റി. മുടിഞ്ഞ ട്രാഫിക്കില്‍ ഓഫീസിലെത്തുമ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് അകത്താവും. പുറത്തു വരാതിരിക്കാനുള്ള വഴി, അതിനുള്ള സമയം കൊടുക്കാതിരിക്കലാണ്‌. ഡ്രൈവിങ്ങിന്റെ ഒപ്പം അതും മിസ്റ്ററിന്റെ ഡ്യൂട്ടിയില്‍ പെടും. ഇവിടെ സിദ്ധാര്‍ത്ഥന്‍ ചെയ്ത പോലെ.


ഒരാളിവിടെ ഉണ്ടായിവരുന്നുണ്ട്. :) ഒരു അധിക വരയിലൂടെ അയാള്‍ ഇന്ന് പറഞ്ഞു, ഞാനിതാ ഇവിടെയെത്തിക്കഴിഞ്ഞു. ഇനി അധികം ചാടലും തുള്ളലും ഒന്നും വേണ്ട ട്ടോ. ഡയ്റ്റിങ്ങെന്നും പറഞ്ഞുള്ള ആ എടവാടും നിര്‍ത്തിക്കോ എന്ന്.

എന്തായാലും ഇന്നു മുതല്‍ ആ ചക്കടാച്ചി സ്കൂട്ടറിന്റെ കിക്കര്‍ ചവിട്ടി ചവിട്ടി കാലിന്റെ മുട്ടിന്റെ കോക്കനട്ട് ഷെല്‍ ഇളക്കണ്ട. ഡോക്റ്ററും പറഞ്ഞു സ്കൂട്ടര്‍ ഓടിക്കണ്ട എന്ന്‌. പാവം കെട്ടിയോന് പണിയായി. ഈ ഡോക്റ്റര്‍ കുഴപ്പമില്ല. എന്നാലും ഇവിടെ സ്ഥിരമാക്കണ്ട എന്നൊരു തോന്നല്‍. വീട്ടില്‍ നിന്ന്‌ ദൂരം കുറച്ചുണ്ട് ഈ ഹോസ്പിറ്റലിലേക്ക്‌. ഉം.. സമയമുണ്ടല്ലോ. നോക്കട്ടെ.