ഇതൊക്കെ കണ്ടാല്‍ തോന്നും ലോകത്ത് ആകെക്കൂടി പ്രസവം നടക്കുന്നത് കേരളത്തില്‍ മാത്രമാണെന്ന്. എന്റെ കൂടെ ജോലി ചെയ്യുന്ന തമിഴന്മാരോടും തെലുങ്കരോടും ദില്ലിക്കാരോടും ഒക്കെ ഞാന്‍ ചോദിച്ചു. അവിടെയൊന്നും ഇത്രയും വിശദമായി ഇല്ലത്രേ ഈ പൊല്ലാപ്പ്.

പ്രസവത്തിന്റെ വേദന ഏതാനും മണിക്കൂറുകളാണെങ്കില്‍ പ്രസവരക്ഷ എന്ന ഈ പൊല്ലാപ്പ്, 40 ദിവസം നീളുന്നതാണ്‌. ഏറ്റവും അസഹനീയമായത് തിളച്ച (യെസ്! ശരിക്കും തിളച്ച) വെള്ളത്തിലുള്ള കുളിയാണ്‌. അതിന്‌ മുന്‍പായി ഒരു മണിക്കൂര്‍ നീളുന്ന ഒരു തടങ്കലും ഉണ്ട്. ധന്വന്തര തടങ്കല്‍! ദേഹം മുഴുവന്‍ ധന്വന്തരം കുഴമ്പിട്ട് കൊഴ കൊഴ ആക്കിയിട്ട്‌ ഒരു മണിക്കൂര്‍ നേരം ബാത്ത്റൂമില്‍ അടച്ചിരിക്കണം. എന്നെ കൊല്ലുന്നതിന്‌ തുല്യമായിരുന്നു അത്. ഈ തടവിലിടുന്ന ഒരു മണിക്കൂര്‍ നേരം പുറത്ത് കുഞ്ഞ് കരയുന്നത് കേള്‍ക്കുകയും കൂടി ചെയ്യുമ്പോള്‍ എന്തോരം സുഖമുണ്ടാകും അകത്തിരിക്കാന്‍ എന്ന് ഒന്ന് ആലോചിച്ചു നോക്കു. അതിന്‌ ശേഷമാണ്‌ അടുത്ത അക്രമം. തിളച്ച വെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് നമ്മുടെ ശരീരമാസകലം ഉള്ള ഒരു ഉഴിച്ചില്‍. ജീവന്‍ പറന്നു പോകും. സത്യം!

പിന്നെയുള്ളത് പ്രസവ രക്ഷാമരുന്നുകളും പഥ്യങ്ങളും ആണ്‌. വൃത്തികെട്ട മണമുള്ളതും കയ്പ്പുള്ളതും മാത്രമായ സാധനങ്ങള്‍ നോക്കി പ്രസവരക്ഷക്ക് മരുന്ന് കണ്ടുപിടിച്ചതാരാണാവോ! ഇതിനൊക്കെയും പുറമെ, പ്രസവം കഴിഞ്ഞാല്‍ വായിക്കാന്‍‌‍ പാടില്ല, ടി.വി.കാണാന്‍ പാടില്ല, ഇരിക്കാന്‍ പാടില്ല, കമ്പ്യൂട്ടര്‍‍ നോക്കാന്‍ പാടില്ല. ഇനി ഇതിലേതെങ്കിലുമൊക്കെ ധിക്കരിച്ചാലോ? "ഇപ്പഴൊന്നുമല്ല, ഇതിന്റെയൊക്കെ കോട്ടം കുറെ കാലം കഴിയുമ്പോഴാ അറിയുക" എന്നൊരു ഡയലോഗ് എവിടെ നിന്നെങ്കിലും കേള്‍ക്കാം.

പഴമക്കാര്‍ പറഞ്ഞു വെച്ചതല്ലേ.. എന്തെങ്കിലും കാര്യം കാണുമായിരിക്കും എന്ന് സമാധാനിക്കാം.
ആയുര്‍‌വേദ വിധിയിലുള്ള പ്രസവരക്ഷ വല്യമ്മായി എഴുതിവെച്ചിട്ടുണ്ട് , ഇവിടെ


നവംബര്‍ 23-ന് ഡയറിയുമെഴുതി പോയതാ. രണ്ട് ദിവസം വീട്ടില്‍ റെസ്റ്റ് എടുത്ത് 26-ന്‌ പോയി പ്രസവിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. അന്നാണല്ലോ ഡേറ്റ് പറഞ്ഞിരുന്നത്.

ഓഫീസില്‍ നിന്ന് എല്ലാവരോടും ബൈ ബൈയും പറഞ്ഞ് ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ കൊടുത്തത് വാങ്ങാന്‍ പോകുമ്പഴേ എന്തൊക്കെയോ ഒരു വയ്യായ്ക. കാറിനകത്ത് കക്കൂസ് ഉണ്ടായിരുന്നെങ്കില്‍ എന്നൊരു തോന്നല്‍. കാലിനൊക്കെ ഒരു കഴപ്പ്. ബ്ലഡ് ടെസ്റ്റ് ചെയ്തതും വാങ്ങി ഡോക്ടറെ കാണാനാണല്ലോ പോകുന്നത് എന്നോര്‍ത്തപ്പോള്‍ അസ്വസ്ഥതയൊക്കെ ഒന്ന് കുറഞ്ഞ പോലെ. വീട്ടില്‍ ചെന്ന് അമ്മയേയും കൂട്ടി ഡോക്ടറുടെ അടുത്ത് ചെന്നു. റിപ്പോര്‍ട്ട് വായിച്ചതും ഡോക്ടര്‍ പറഞ്ഞു "പഞ്ചാരയടി കൂടുതലായോ ഈയിടെയായിട്ട് എന്നൊരു സംശയം" എന്ന്. ഭര്‍ത്താവ് പഞ്ചാരയടിച്ചാല്‍ ഭാര്യക്ക് ഷുഗര്‍ വരുമോ ഡോക്ടര്‍?

എന്തായാലും ഷുഗറാന്‍ ചേട്ടന്‍ നിക്കുന്നത് 222 ലാണ്‌, അതത്ര പന്തിയല്ല എന്ന് ഡോക്ടറുടെ അഭിപ്രായം. കൂട്ടുകാരി ഡോക്ടറെ വിളിച്ചു. മൂപ്പത്തിയാരും അതു തന്നെ പറഞ്ഞു. ഷുഗറാന്‍ സ്പെഷലിസ്റ്റ് ഡോക്ടറയ്യരെ വിളിക്കുന്നു. പുള്ളിയും അതു തന്നെ പറയുന്നു. ഏതായാലും ഡേറ്റിനടുത്തായില്ലേ നമുക്ക് ഇന്ന് തന്നെ അഡ്മിറ്റാവാം. നാളെ പുലര്‍ച്ചെ ഓപ്പറേറ്റ് ചെയ്ത് പരിപാടി തീര്‍ക്കാം.

അയ്യോ.. അത് ശരിയാവില്ല. അപ്പോ പ്രസവം? ഞാന്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പണിയെടുത്തതും, ട്രെഡ്‌മില്ലിനെ ഒരു ദിവസം പോലും മുടക്കാതെ പീഢിപ്പിച്ചതും കീഗല്‍‍ എക്സര്‍സൈസ് ഒക്കെ ചെയ്തതും ഒരു ദിവസം പോലും മുടങ്ങാതെ ഓഫീസില്‍ പോയതും ഒക്കെ എന്തിനാ? പണ്ടത്തെ ഒരു ഡയലോഗുണ്ടല്ലോ, നെല്ല് കുത്തിക്കൊണ്ട് നിക്കുമ്പോ പോയി പ്രസവിച്ചു, ഞാറ് നടുമ്പോ പ്രസവിച്ചു എന്നൊക്കെ? അതു പോലെ കോഡെഴുതുമ്പോ പുല്ലു പോലെ പോയി പ്രസവിച്ചു എന്ന് പറയാനാ. അതിപ്പോ സിസേറിയനായാ എങ്ങനെ ശരിയാവും? ആള്‍‍ മൈ എഫര്‍ട്ട്സ് വില്‍ ബി ഇന്‍ വെയിന്‍...
കുട്ട്യേടത്തി പറഞ്ഞതെത്ര സത്യം! ഒരു കുഞ്ഞ്യേ കാര്യം വരുമ്പോഴേക്കും ഇവിടെ സി സെക്ഷന്‍.

പക്ഷേ ആ നേരത്ത് ഇതൊന്നും എന്റെ വായില്‍ നിന്ന് വന്നില്ല എന്ന് മാത്രമല്ല Gestational Diabetes -നെ പറ്റി വായിച്ചതൊക്കെ ഓര്‍ത്തപ്പോള്‍ ചെറിയ ടെന്‍ഷനുമായി. അതിലേറെ ടെന്‍ഷന്‍ എന്റെ കൂട്ടുകാരന്റെ മുഖത്തും ഞാന്‍ കണ്ടു. എന്തിനധികം പറയുന്നു, അന്നു തന്നെ അഡ്മിറ്റായി. അമ്മ പറയുന്നുണ്ട് ഒന്നും പേടിക്കണ്ട എന്ന്, ഞാനും പറയുന്നു എനിക്കൊരു ബുദ്ധിമുട്ടും ഇല്ല എന്ന്. പക്ഷേ പാവം എന്റെ കെട്ടിയോന്റെ ടെന്‍ഷന്‍! എന്നെ റൂമിലാക്കി അവര്‍ പോയി അവശ്യം വേണ്ട സാധനങ്ങളെടുത്ത് അര മണിക്കൂറിനുള്ളില്‍ തിരിച്ചെത്തി. പാതിരയായപ്പോള്‍, രാവിലെ വരാന്‍ പറഞ്ഞ് നേഴ്സ് പെങ്കുട്ടി ഏട്ടനെ വീട്ടിലേക്ക് പറഞ്ഞയച്ചു.

അങ്ങനെ ഞാനും അമ്മയും മുറിയിലും ചേട്ടായി തനുവങ്ങ് വീട്ടിലും മനമിങ്ങ് ആസ്പത്രിയിലുമായി രാവിലെ നാലുമണിയാക്കിയെടുത്തു. നാല്‌ മണിയായപ്പോ 'ആയമ്മമാര്‍' രണ്ട് പേര്‍ വന്നു. എന്നെ വൃത്തിയാക്കി, സിനിമേലൊക്കെ കാണുന്ന പോലെ ഇളം പച്ച ഉടുപ്പിടീച്ചു. കിടക്കപ്പായില്‍ നിന്നെണീറ്റാല്‍ അപ്പോ തന്നെ ചായ കുടിച്ചില്ലെങ്കില്‍ എനിക്ക് അന്നത്തെ ദിവസം പോക്കാ. ചായ പോയിട്ട് വെള്ളം പോലും കുടിക്കാന്‍ സമ്മതിച്ചില്ല. അപ്പോഴേക്കും ഏട്ടനെത്തി. ഒരു തരി പോലും ഉറങ്ങിയിട്ടില്ല എന്ന് കണ്ണ് കണ്ടാലറിയാം. ആയമ്മമാര്‍ എന്റെ മുടി രണ്ടായി പകുത്ത് മെടഞ്ഞിടുമ്പോള്‍ പണ്ട് സ്കൂളില്‍ പോകുന്ന കാലം ഓര്‍മ്മ വന്നു. അതിനിടയ്ക്ക് നഴ്സ് വന്ന്‌ ഏട്ടനെ കൊണ്ട് "ഞാന്‍ ചത്താല്‍ വഴക്കിനു വരില്ല" (ഹ ഹ) എന്ന് ഒപ്പിടീച്ച് വാങ്ങിച്ചു. പിന്നെ പതുക്കെ എന്നെ സ്റ്റ്രെ‌ക്‌ചറില്‍ കയറ്റി കിടത്തി. സിനിമയിലൊക്കെ ഭീകര രോഗമുള്ളവര്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ പോകുന്ന സീന്‍ പോലെ ഏട്ടനും അമ്മയും അപ്പുറവും ഇപ്പുറവും നിന്ന് ജാതി സെന്റി. അതു കണ്ടപ്പോ എന്റെ കണ്ട്റോളും പോയി. കണ്ണൊന്ന് നിറഞ്ഞു. അപ്പോഴേക്കും ഞാന്‍ തീയേറ്ററിനുള്ളില്‍ എത്തിക്കഴിഞ്ഞിരുന്നു. നമ്മുടെ ഡോക്ടറാന്റി അവിടെ തൊപ്പിയൊക്കെ വെച്ച് റെഡിയായി നിക്കുന്നുണ്ട്. "ബിക്കൂ, ഇന്നെന്റെ അനിയത്തീടെയും ബര്‍ത്ത് ഡേ ആണ്‌"
ആഹാ! ഏതനിയത്തീടെ ഡോക്ടര്‍?
ബോംബേലുള്ള അനിയത്തിയില്ലെ.. അവളുടെ.

ഡോക്ടര്‍ എന്നെ ചീര്‍ ചെയ്യാന്‍ നോക്കുന്നതാണെന്ന് എനിക്ക് മനസ്സിലായി. എനിക്ക് പുറത്ത് നിക്കുന്ന ആളുടെ കാര്യം ഓര്‍ത്തുള്ള വിഷമം മാത്രമേ ഉള്ളൂ. അമ്മ പിന്നെയും കൂള്‍ ആയിരിക്കും. പക്ഷേ മറ്റേ ആള്‍...

ഇവിടെ പറഞ്ഞ പോലെയുള്ള ഒരനുഭവം ഒരിക്കലും ഒരു ഗര്‍ഭിണിയും ആഗ്രഹിക്കുന്നുണ്ടാകില്ല. എന്തായാലും നമ്മുടെ നാട്ടില്‍ പ്രസവിക്കണ്ട എന്ന് തീരുമാനിക്കാന്‍ ആ പോസ്റ്റും ഒരു കാരണമായി എന്ന് പറയാം. വൃത്തിയും വെടിപ്പുള്ള ലേബര്‍ റൂമുള്ളതും പ്രസവത്തിന്‌ ഭര്‍‍ത്താവിനെ കൂടെ നില്‍ക്കാന്‍ സമ്മതിക്കുന്നതുമായ ഹോസ്പിറ്റല്‍ നോക്കി പ്രസവിക്കാന്‍ വന്നിട്ട് ഇപ്പോ എന്തായി. ഓപ്പറേഷന്‍ തീയേറ്ററില്‍ എന്തായാലും ഭര്‍‍‌ത്താവിനെ കയറ്റില്ലല്ലോ.

മനോഹരമായി, വൃത്തിയോടെ വെച്ചിരിക്കുന്ന വിശാലമായ ഒരു എന്റ്രന്‍സും കടന്ന് ഞാന്‍ യഥാര്‍ഥ തീയേറ്ററില്‍ എത്തി. അവിടെ ഒരു അറ്റന്ററും, രണ്ട് നഴ്സുമാരും ചേര്‍ന്ന് എന്നെ സ്‌ട്രെച്ചറില്‍ നിന്ന് ടേബിളിലേക്ക് മാറ്റി. അറ്റന്റര്‍ രണ്ട് കയ്യും പിടിച്ച് രണ്ട് സൈഡിലേക്ക് വെച്ച് കുരിശില്‍ കിടക്കുന്ന പോസിലാക്കി ക്ലിപ്പ് ഇട്ട് ബന്ധിച്ച് വെച്ചു. നഴ്സ് പെണ്‍കുട്ടി, നിമ്മി, മലയാളിയായിരുന്നു എന്ന് മനസ്സിലായത് അവള്‍ എന്നോട് മലയാളത്തില്‍ സംസാരിച്ചപ്പോഴാണ്‌. ഞാന്‍ മലയാളിയാണെന്ന് എങ്ങനെ മനസ്സിലായി എന്ന് ചോദിച്ചപ്പോ സ്‌ട്രെച്ചറില്‍ നിന്ന് ടേബിളിലേക്ക് മാറ്റിയപ്പോ "എന്റമ്മേ" എന്ന് പറഞ്ഞൂത്രെ ഞാന്‍. ഹ ഹ...! "ദേ പാമ്പ് "എന്ന് പറഞ്ഞപ്പോ "അയ്യോ എവിടെ" എന്ന് ചോദിച്ച സിനിമാ സീന്‍ ഓര്‍മ്മ വന്നു.

നിമ്മി എനിക്ക് മൂത്രം പോകാനുള്ള റ്റ്യൂബ് ഇട്ടു. ഇതൊരു ഇറിറ്റേറ്റിങ്ങ് വേദനയാണ്‌. അങ്ങനെ ഞാന്‍ കുരിശ്ശായി ടേബിളില്‍ ഇങ്ങനെ കിടക്കുമ്പോ എന്റെ ഡോക്ട്റും കൂട്ടുകാരി ഡോക്ടറും പിന്നൊരു കൂട്ടുകാരന്‍ ഡോക്ടറും കൂടി കഥയൊക്കെ പറഞ്ഞ് തീയേറ്ററിലേക്ക് വന്നു. കൂട്ടുകാരന്‍ ഡോക്ടര്‍ വന്ന ഉടനെ തെലുങ്കില്‍ "എന്താ കുട്ടീ, കുഴപ്പമൊന്നും ഇല്ലല്ലോ" എന്ന് കുശലം ആരംഭിച്ചു. കാര്യം പറഞ്ഞത് മനസ്സിലായെങ്കിലും മനസ്സിലായി എന്നു കാണിച്ചാല്‍ ഇനിയും എന്തെങ്കിലും തെലുങ്കില്‍ തന്നെ പറഞ്ഞാലോ എന്ന് പേടിച്ച് ഞാന്‍ എന്റെ ഡോക്ടറെ നോക്കി. എന്റെ ഡോക്ടര്‍ കൂട്ടുകാരന്‍ ഡോക്ടറോട് എനിക്കു തെലുങ്കറിയില്ല എന്ന കാര്യം പറഞ്ഞതോടെ മൂന്നുപേരും പിന്നെ ഇംഗ്ലീഷില്‍ തന്നെയായി എന്നോട് സംസാരം. അങ്ങനെ കൊച്ചു വര്‍ത്താനം പറയുന്നതിനിടയിലൊക്കെ അവര്‍ എന്തൊക്കെയോ ചെയ്യുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ എന്നോട് ചെരിഞ്ഞ് കിടക്കാന്‍ പറഞ്ഞു. ഞാന്‍ കഷ്ടപ്പെട്ട് ചെരിഞ്ഞപ്പോള്‍ ആ അറ്റന്റര്‍ കശ്മലന്‍ എന്റെ കാല്‍മുട്ടുകളും തലയും രണ്ട് വശത്തു നിന്നും വലിച്ചടുപ്പിച്ച് എന്റെ മുതുക് ഒരു വില്ല് പോലെയാക്കി. എന്റെ മത്തങ്ങ വയറ് അതിനിടയില്‍ പെട്ട് ഇപ്പോ പൊട്ടുമോ എന്ന് വിചാരിച്ചു പോയി. ഹോ! അതൊരു പ്രതീക്ഷിക്കാത്ത പരിപാടിയായിരുന്നു. എനിക്ക് ചിന്തിക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പ് കൂട്ടുകാരന്‍ ഡോക്ടര്‍ എന്റെ നട്ടെല്ലില്‍ ഒരു സിറിഞ്ച് കയറ്റി. ശരിക്കൊന്ന് പുളഞ്ഞു പോയി... ഇല്ല പുളയാല്‍ പറ്റിയില്ല. ആ തടിമാടന്‍ അറ്റന്റര്‍ കാലും തലയും കൂട്ടി മുറുക്കി പിടിച്ചിരിക്കയായിരുന്നു. ഇഞ്ചെക്റ്റ് ചെയ്തു കഴിഞ ഉടനെ ചട പടാ എന്ന് എന്നെ നേരെ കിടത്തി, കാലൊക്കെ നിവര്‍ത്തി വെച്ചു, നിമിഷങ്ങള്‍ക്കക്കം എന്റെ അരയ്ക്ക് കീഴ്പ്പോട്ട് ഇല്ലാതായതായി എനിക്ക് തോന്നി.

എന്റെ ലോക്കല്‍ അനസ്തേഷ്യ ശരിയായോ എന്നറിയാന്‍ ഡോക്ടര്‍ എന്റെ കാലിലും വയറിലുമൊക്കെ പിച്ചി നോക്കിയിട്ടാണെന്ന് തോന്നുന്നു, "ആര്‍ യു ഫീലിങ്ങ് പെയിന്‍?" എന്ന് മൂന്നു നാലു വട്ടം ചോദിച്ചു. കാല്‍ തന്നെ ഇല്ല എന്നാണ്‌ എനിക്കു തോന്നുന്നത്, പിന്നെയല്ലേ വേദന. അങ്ങനെ അവര്‍ കത്തി പ്രയോഗം തുടങ്ങാനുള്ള തയ്യാറെടുപ്പില്‍ അടി വയറ്റില്‍ ക്ലീന്‍ ചെയ്തു, എന്തോ വെച്ച് മാര്‍ക്ക് ചെയ്തു. അപ്പോഴാണ്‌ കൂട്ടുകാരി ഡോക്ടര്‍ ഞാനിതൊക്കെ നോക്കിക്കോണ്ട് കിടക്കുന്നത് ശ്രദ്ധിച്ചത്. അങ്ങനെ ഇപ്പോ സുഖിക്കണ്ട ട്ടാ എന്ന് പറഞ്ഞ് അറ്റന്ററിനോട് തെലുങ്കില്‍ എന്തോ പറഞ്ഞപ്പോള്‍ ചുള്ളന്‍ വന്ന് എന്റെ നെഞ്ചിനു മുകളിലായി ഒരു സ്ക്രീന്‍ കൊണ്ട് വെച്ചു. ശോ!ഇനി വയറ്റില്‍ നടക്കുന്ന ദാരുണ സംഭവങ്ങളൊന്നും എനിക്ക് കാണാന്‍ പറ്റില്ല. "സ്ക്രീന്‍ വേണ്ട ഡോക്ടര്‍ എനിക്ക് പേടിയാവില്ല" എന്ന് പറഞ്ഞ് നോക്കിയെങ്കിലും 'അയ്യട! എന്നിട്ടു ബോധം പോയിട്ട് വേണം പിന്നെ അതിന്‌ ചികിത്സിക്കാന്‍' എന്ന് പറഞ്ഞ് ഡോക്ടര്‍ എന്നെ പുച്ഛിച്ചു.

അങ്ങനെ നിരാശയായി മേപ്പോട്ട് നോക്കി കിടക്കുമ്പോഴാണ്‌ അവിടെ സ്ഥാപിച്ചിരിക്കുന്ന വലിയ ലൈറ്റിന്റെ സി‌ല്‍‌വര്‍ ഫ്രെയിമില്‍ എന്റെ വയറിന്റെ ഏരിയല്‍ വ്യൂ വിസ്തരിച്ച് ഞാന്‍ കാണുന്നത്. മിണ്ടാന്‍ പോയില്ല. പിന്നെ അവിടെയും വല്ല തുണി വലിച്ച് കെട്ടിയാല്‍ ഈ വയറ് കീറല്‍ മിസ്സാവില്ലേ. എന്തായാലും എന്റെ സി സെക്ഷന്‍ ഞാനാ സില്‍‌വര്‍ ഫ്രെയിമില്‍ വിശദമായി കണ്ടു. വയറ് ചെറുതായി തുറന്നതും, ഒരു വെളുത്ത സഞ്ചി പോലെ എന്തോ ഒന്ന് കണ്ടതും അതും അവര്‍ തുറന്നോ എന്ന് മനസ്സിലായില്ല, ബ്ലഡ് വരുന്ന മുറയ്ക്ക് നീക്കം ചെയ്യുന്നതും, പിന്നെ കുഞ്ഞിന്റെ തല പോലെ എന്തോ ഒന്ന് കണ്ടതും... ആ ഒരു കാഴ്ച! ഒരു നിമിഷത്തേക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അനുഭവമായിരുന്നു അത്.

പിന്നെ കണ്ടത് കുഞ്ഞിനെ പുറത്തേക്ക് എടുക്കുന്ന ഡോക്ടര്‍.. 'ബിക്കൂ ഇറ്റ് ഈസ് എ ബോയ്‌യ്‌യ്‌യ്‌' എന്ന് ഡോക്ടര്‍ നീട്ടി പറഞ്ഞതും അവന്‍ "കേ...", "കേ..." എന്ന്‌ കരച്ചില്‍ തുടങ്ങിയതും, നിമ്മി എന്റെ മുഖത്തിനടുത്ത് അവനെ കൊണ്ടു വന്നതും, അവിടെ തന്നെ ഒരു റ്റ്രേയില്‍ വെച്ച് അവന്റെ ദേഹം തുടയ്ക്കാന്‍ തുടങ്ങുന്നതും, കൂട്ടുകാരന്‍ ഡോക്ടര്‍ സെവന്‍ ട്വെന്റി ഫൈവ് എ.എം എന്ന് ഉറക്കെ പറയുന്നതും, കൂട്ടുകാരി ഡോക്ടര്‍ 'സക്ഷന്‍ ഓണ്‍' എന്ന് പറയുന്നതും എന്റെ വയറ്റില്‍ നിന്ന്‌ ചര പരാ, ചര പരാ എന്ന് എന്തൊക്കെയോ ഒരു മെഷീന്‍ വലിച്ചെടുക്കുന്നതും ഒക്കെ, ഒക്കെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അവന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ!


രാവിലെ നേരത്തെ പോയി ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ കൊടുത്തു.

നേരെ ഓഫീസില്‍ വന്ന് പാര്‍ക്കിങ്ങിലെ കിരണിനോട് നാളെ മുതല്‍ സ്ഥലം റിസര്‍‌വ് ചെയ്യണ്ട എന്ന് പറഞ്ഞു. റിവ്യൂ ചെയ്യാനുള്ളതെല്ലാം തീര്‍ത്തു. HR-ല്‍ വിളിച്ച് ലീവിന്റെ കാര്യം ഒന്നും കൂടി ഉറപ്പിച്ചു. സ്റ്റാഫിങ്ങില്‍ വിളിച്ച് ഇനി നാല്‌ മാസത്തേക്ക് എന്റെ പേരില്‍ ഇന്റര്വ്യൂ ഒന്നും ഷെഡ്യൂള്‍ ചെയ്യണ്ട എന്ന് പറഞ്ഞു. മെഡിക്കല്‍ ബില്‍സ് എല്ലാം കൂടി തുന്നിക്കൂട്ടി അടുത്ത സീറ്റിലെ പ്രിയയെ ഏല്പ്പിച്ചു. സബ്മിറ്റ് ചെയ്യേണ്ട ദിവസം ആകുമ്പോള്‍ അവള്‍ ചെയ്തോളും.

പൂര്‍‌ണിമ എന്നൊരു കാന്‍ഡേറ്റിനെ ഇന്റര്‍‌വ്യൂ ചെയ്തു. "സീ അയാം എ ഗോള്‍ഡ് മെഡലിസ്റ്റ് ഇന്‍ മൈ കോളേജ്" എന്ന് പത്ത് പ്രാവശ്യം പറഞ്ഞതൊഴിച്ചാല്‍ പെങ്കൊച്ച് കുഴപ്പമില്ല. അടുത്ത റൗണ്ടിലേക്ക് റെഫര്‍ ചെയ്തു. 3 മണിക്ക് ജ്യൂസ് കൊണ്ട് തരുന്ന മമതയോട് ഇനി മുതല്‍ വേണ്ട എന്ന് പറഞ്ഞു. സോര്‍സ് സേഫിന്റെ പാസ്‌വേഡും പ്രിവിലേജസും കൃഷ്ണക്ക് കൈമാറി.

ഔട് ഓഫ് ഓഫീസ് ഓട്ടോ റിപ്ലൈ മെയിലിലും ഫോണിലും സെറ്റ് ചെയ്തു. ആവശ്യമില്ലാത്തതെല്ലാം ഡിലീറ്റ് ചെയ്ത് ഡെസ്ക്‌ടോപ് വൃത്തിയാക്കി. പേര്‍സണല്‍ ഫയല്‍സും സാലറി സ്ലിപ്പും ഒക്കെ പാസ്സ്‌വേഡിട്ട് പൂട്ടി വെച്ചു. ചായക്കപ്പ്, വെള്ളം കുപ്പി ഒക്കെ കഴുകി പൂട്ടി വെച്ചു. ഡെസ്ക്ക് വൃത്തിയാക്കി. നാല് മാസം കഴിഞ്ഞ് കാണാം എന്ന് വേണ്ടപ്പെട്ടവര്‍ക്ക് മെയില്‍ അയച്ചു. തനിമലയാളത്തില്‍ ഒന്നോടി പോയി നോക്കി വന്നു.

അപ്പോ ശരി ഇനി ഞാന്‍ ഒന്ന് പ്രസവിച്ചിട്ട് വരാം.


അന്ധ വിശ്വാസങ്ങള്‍‍ക്ക് നമ്മുടെ നാട്ടിലുണ്ടോ വല്ല പഞ്ഞവും. ഗര്‍‍ഭിണിയായാല്‍ ഉപദേശങ്ങളുടെ ഉന്തും തള്ളും ആണ്‌. ഇതിലൊക്കെ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കറിയില്ല. എന്തായാലും, ഉപദേശിക്കുന്നവരെ പരിഹസിക്കാറില്ല ഞാന്‍. ഉപചാരാര്‍‍ത്ഥം ഒരു ചിരി ചിരിച്ചിട്ട് പോരും.

സന്ധ്യക്ക് ആറ് മണി കഴിഞ്ഞാല്‍ ഗര്‍ഭിണി പുറത്തിറങ്ങാന്‍ പാടില്ലാന്ന് പറഞ്ഞാല്‍ രാത്രി എട്ട് മണിക്ക് ഓഫീസില്‍ നിന്നിറങ്ങി പിന്നെ രത്നദീപില്‍ പോയി അവശ്യ സാധനങ്ങള്‍ ഒക്കെ മേടിച്ച് പിന്നെ, വന്ന് ഭക്ഷണം ഉണ്ടാക്കി കഴിച്ച് പത്തരയാവുമ്പോള്‍ ഐസ്ക്രീം കഴിക്കാന്‍ സ്കൂപ്സില്‍ പോകണമെന്ന് തോന്നുന്ന ഞങ്ങളെ പോലുള്ളവര്‍ തെണ്ടിപ്പോകില്ലെ?

ഒരു ആറെട്ട് മാസം ഒക്കെ ആകുമ്പഴേക്കും വയറിന്റെ മുകളില്‍ ചൊറിയുന്നത് എന്തു കൊണ്ടാണേന്നറിയാമോ? കുട്ടിയുടെ മുടി തട്ടുന്നതു കൊണ്ടാണ്‌. :) (അല്ലാതെ സ്കിന്‍ വലിയുന്നതു കൊണ്ടല്ല)

പേരയ്ക്ക പ്രാന്തിയാണ്‌ ഞാനിപ്പോ. പേരയ്ക്ക തീറ്റയോട് തീറ്റ. പക്ഷേ.. പേരയ്ക്ക തിന്നാല്‍ കുട്ടി കറുക്കുമത്രേ. ഹി..ഹി.. എനിക്കും എന്റെ കെട്ടിയോനും ഇല്ലാത്ത നിറം എന്റെ കുട്ടിക്കും വേണ്ട. അല്ല പിന്നെ.

കുങ്കുമപ്പൂ തിന്നാല്‍ കുട്ടി വെളുക്കും. ഇതൊരുപാട് പേരായി പറഞ്ഞു കേള്‍ക്കുന്നതാണ്‌. അത് തെറ്റാണെന്ന് തെളിയിക്കാന്‍ ജീവിച്ചിരിക്കുന്ന ഉദാഹരണം കാണണമെങ്കില്‍ ദേ.. എന്റെ മുഖത്തേക്ക് നോക്ക്യേ...

ഗര്‍ഭിണിയായിരിക്കുമ്പോള്‍ വയറ് വെയില്‍ കൊള്ളിച്ചില്ലെങ്കില്‍ കുട്ടിക്ക് ജനിക്കുമ്പോള്‍ മഞ്ഞപ്പിത്തമുണ്ടാകും എന്ന് പറയുന്നു. എന്റെ ഡോക്ടറോട് ചോദിച്ചപ്പോള്‍ പുള്ളിക്കാരി ആദ്യമായി കേള്‍ക്കുകയാണത്രേ. എന്തായാലും വയറ് വെയില്‍ കൊള്ളിക്കാന്‍ വേണ്ടി വയറു പുറത്തു കാട്ടി ഞാനാ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ഒരു കാഴ്ച!! ഹാ..ഹാ.. അപ്പുറത്തെ വീട്ടിലെ അനു ആന്റി അമിത്തിനേയും കൊണ്ട് വീട് മാറും. കുട്ടിയുടെ കാര്യമല്ലേ.. റിസ്ക് എടുക്കാന്‍ തോന്നാത്തതുകൊണ്ട് രാവിലെ അടുക്കളയുടെ ജനലില്‍ കൂടി വെയില്‍ വരുന്ന സ്ഥലത്ത് പോയി കുറച്ചുനേരം വെയില്‍ കൊള്ളിക്കും.

ഇനിയുമുണ്ട്.. ഗര്‍ഭിണി മുടി വെട്ടാന്‍ പാടില്ല, അതു ചെയ്യാന്‍ പാടില്ല, ഇത് ചെയ്യാന്‍ പാടില്ല...
ഭാഗ്യം, ബ്ലോഗ് വായിക്കാന്‍ പാടില്ല എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല!


എന്റെ കുട്ടീ, ഗര്‍ഭം ഒരു രോഗമല്ല.

ഈ ഒരു പ്രസ്താവന ഒരുവിധം എല്ലാ ഗൈനക്കോളജിറ്റുകളും പറയുന്നതാണെന്ന് തോന്നുന്നു. ഞാന്‍ കണ്ടുകൊണ്ടിരുന്ന ആദ്യത്തെ ഡോക്ടറെ മാറാന്‍ തന്നെ കാരണം ഇതാണ്. ഐ ഹേറ്റ് ഇറ്റ് വെന്‍ ദ ഡോക്റ്റര്‍ സേ സൊ. ഞാന്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നു. ടെന്‍ഷന്‍ കൊണ്ടോ, ഗര്‍ഭമൊരു രോഗമാണെന്ന്‌ വിചാരിച്ചോ അല്ല ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. അതെന്റെ അവകാശമാണെന്ന് ഞാന്‍ കരുതുന്നു. കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിന്റെ അര്‍‌ത്ഥം ടെന്‍ഷന്‍ ഉണ്ടെന്നാണോ? പല സ്ഥലത്തും വായിക്കുന്ന കാര്യങ്ങള്‍ ഡോക്ടറോട് ചോദിക്കുക മാത്രമാണ്‌ ഞാന്‍ ചെയ്യുന്നത്.

എനിക്ക് ശാരീരികമായി തോന്നുന്ന പല അസ്വസ്ഥതകള്‍ ഡോക്ടറോട് പറയാതിരിക്കണോ? ഡോക്ടര്‍ ദിവസവും നൂറ് കണക്കിന്‌ രോഗികളെ കാണുന്നതായിരിക്കും, പക്ഷേ ഇതെനിക്കെന്റെ ആദ്യത്തെ കുഞ്ഞാണ്‌. ആ കുഞ്ഞിന്‌ ഒന്നും സംഭവിക്കാതിരിക്കണം എന്ന് എനിക്കാഗ്രഹമുണ്ട്. മാത്രമല്ല പലരും പലതും പറയുന്നതിനേക്കാള്‍ ഒരു ഡോക്ടര്‍ ആധികാരികമായി പറയുന്നത് കേള്‍ക്കാനാണ്‌ എനിക്കിഷ്ടം.

ഞാന്‍ കഴിക്കുന്ന മരുന്നുകള്‍ എന്തിനുള്ളതാണ്‌, അത് കഴിക്കേണ്ടത് അത്യാവശ്യമാണോ, എന്നുള്ള കാര്യങ്ങളും അറിയാന്‍ എനിക്കവകാശമുണ്ട്. ഇങ്ങനെയുള്ള എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഡോക്ടറും ബാദ്ധ്യസ്ഥയാണെന്നാണ്‌ എനിക്ക് തോന്നുന്നത്.

കുറച്ച് ദിവസമായി എനിക്ക് നടക്കുമ്പോഴും, ഇരുന്ന സ്ഥലത്ത് നിന്ന്‌ ഇളകുമ്പോഴും ഒക്കെ കാലുകളുടെ ഇടയില്‍ ഒരു ക്ലിക്ക്, ടിക്ക് ശബ്ദം. എല്ലുകള്‍ കൂടി ഉരയുന്ന പോലെ. മാത്രമല്ല കിടന്നിട്ട് എഴുന്നേല്‍ക്കുമ്പോഴും ഇരിക്കുന്ന പോസ് മാറുമ്പോഴും ഒക്കെ ചെറുതല്ലാത്ത എന്നാല്‍ സഹിക്കാവുന്ന വേദനയും. ഗൂഗിള്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഒക്കെ വെച്ച് നോക്കുമ്പോള്‍ SPD ആണോ എന്ന് ഒരു സംശയം. അങ്ങനെയാണെങ്കില്‍ ഡോക്ടറോട് പറയണം എന്നാണ്‌ എല്ലായിടത്തും കണ്ടത്. ഇതും, ഇതു പോലെ പലതും വായിച്ചു. അതിനെ പറ്റി ചോദിച്ചപ്പോഴാണ്‌ ഈ ഡോക്ടറും‍ ഈ സ്ഥിരം ഡയലോഗ് പറഞ്ഞത്. അങ്ങനെ വിട്ടാല്‍ പറ്റുമോ? ഡോക്ടര്‍ക്ക് അങ്ങോട്ടൊരു ക്ലാസ് കൊടുത്തു, ഡോക്ടറില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത് എന്ത് എന്ന്‌. ഇപ്പോ ഡോക്ടറും ഹാപ്പി, ഞാനും ഹാപ്പി. ഓവറായി ഇന്റര്‍നെറ്റില്‍ കയറി സെര്‍ച്ച് ചെയ്യില്ല എന്നൊരു വാക്ക് ഞാന്‍ ഡോക്ടര്‍ക്കും, ഇനി മുതല്‍ ഞാന്‍ എന്തെങ്കിലും സംശയങ്ങള്‍ ചോദിച്ചാല്‍ എന്നോട് ഗര്‍ഭം രോഗമല്ല എന്ന് പറയില്ല എന്നൊരു വാക്ക് ഡോക്ടര്‍ എനിക്കും തന്നു. ഡോക്ടറും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യാന്‍ ചെല്ലുന്ന ആളുമായി (രോഗി എന്ന് ഞാന്‍ പറയുന്നില്ല, കാരണം ഗര്‍ഭം ഒരു രോഗമല്ലല്ലോ) ഒരു നല്ല പരസ്പര ധാരണയും വിശ്വാസവും ഉണ്ടാവുന്നത് എത്ര കണ്ട് നമ്മുടെ ആത്മവിശ്വാസം കൂട്ടും എന്ന് ഞാന്‍ അനുഭവിച്ചറിയുകയാണ്‌.

എന്തായാലും എന്റെ ലക്ഷണങ്ങള്‍ SPD യോട് സാമ്യമുള്ളതാണെങ്കിലും SPD ആവാനുള്ള സാധ്യത വളരെ കുറവാണെന്നും, അഥവാ ആണെങ്കില്‍ തന്നെ പ്രസവത്തിന്റെ സമയത്താണ്‌ കരുതല്‍ എടുക്കേണ്ടതെന്നും ആ സമയത്ത് ആ കാര്യം ഡോക്ടര്‍ ഏറ്റു എന്നും ഡോക്ടര്‍ പറഞ്ഞു. മാത്രമല്ല അടുത്ത കണ്‍സള്‍ട്ടേഷന്‌ വരുമ്പോള്‍ ഞാന്‍ നൂലപ്പം (ഇടിയപ്പം) ഉണ്ടാക്കി കൊണ്ടു വരാമെന്നും, പ്രസവം കഴിഞ്ഞ് ഞാന്‍ ആസ്പത്രിയില്‍ കിടക്കുമ്പോള്‍ ഡോക്ടര്‍ അവിയല്‍ ഉണ്ടാക്കി കൊണ്ട് തരുമെന്നും ധാരണയായി.

ഇപ്പോ മനസ്സിലായോ കണ്‍സള്‍ട്ടേഷന്‌ പോകുന്ന ദിവസം ഞാന്‍ ഓഫീസിലെത്തുമ്പോള്‍ ഉച്ച കഴിയുന്നത് എന്തു കൊണ്ടാണെന്ന് :)


ആണോ പെണ്ണോ.. ആണോ പെണ്ണോ...ആദ്യത്തെ ചോദ്യമിതല്ലോ... എന്നൊരു പാട്ട് പണ്ട് ദൂരദര്‍ശനില്‍ വരാറുണ്ട്. ആണായാലും പെണ്ണായാലും ആരോഗ്യമുള്ള കുഞ്ഞായാല്‍ മതിയെന്ന് മാത്രമാണ്‌ ഞാന്‍ വിചാരിക്കുന്നത്. പക്ഷേ ഇവിടെ ഓഫീസിലെ മറ്റ് പെണ്ണുങ്ങള്‍ ലഞ്ച് റ്റൈമിലും ലിഫ്റ്റിലും മറ്റും "ബിക്കൂന്‌ പെണ്ണാണെന്ന്‌ ഉറപ്പാ, വയറ് കണ്ടാലറിയാം", "ഏയ്, ഇത് ആണാണെന്ന് ഉറപ്പോടുറപ്പല്ലേ..കണ്ടില്ലേ മുഖത്തും കഴുത്തിലുമൊക്കെ പിഗ്മെന്റേഷന്‍" എന്നിങ്ങനെ തര്‍ക്കിക്കുന്നത് കേട്ടു കേട്ടാണ്‌ വെറുതെ ഗൂഗിള്‍ ചെയ്തത്. അപ്പോ അതാ കിടക്കുന്നു ചോദ്യാവലികള്‍. അപ്പോ തലപൊക്കി നോക്കുന്നു നമ്മുടെ ക്യൂരിയോസിറ്റിക്കുട്ടി. കുത്തിയിരുന്ന്‌ ഉത്തരമെഴുതഅന്‍ തുടങ്ങിയപ്പോഴാണ്‌ ചുറ്റിപ്പോയത്. ഇത് ഏതവന്‍ ഉണ്ടാക്കിയതാണെടേയ്! വെറുതെ ഒരു രസത്തിന്‌ വേണ്ടി മാത്രമാണെങ്കില്‍ നോക്കാം. ഒരു സാമ്പിള്‍ ഇവിടെ കാണാം.

ചോദ്യങ്ങളുടെ മലയാളം.

നിങ്ങള്‍ ഇപ്പോ എന്താവശ്യപ്പെട്ടാലും അതുടന്‍ സാധിച്ച് കിട്ടും എന്നുള്ളതു കൊണ്ട് മുടിഞ്ഞ തീറ്റയാണല്ലോ‌. ഈ തിന്നുന്നത് മുഴുവന്‍ ഏത് ഏരിയായിലാണ്‌ പോകുന്നത്‌?
1.വയറില്‍.. അതല്ലേ ഈ ആന വയര്
2.തിന്നുന്നത് വയറ്റിലേക്കാണെങ്കിലും വീര്‍ക്കുന്നത് അരക്കെട്ടും പിന്‍ഭാഗവുമാണ്‌.

നിങ്ങളുടെ കാലിലെ രോമന്‍ ചേട്ടന്മാരുടെ വളര്‍ച്ചാ നിരക്ക്:
1.നിങ്ങള്‍ ഗര്‍ഭിണിയാകുന്നതിനു മുന്‍പത്തെ പോലെ തന്നെ.
2.തലയില്‍ പോലും ഇത്രയും മുടി ഞാന്‍ കണ്ടിട്ടില്ല.

കുട്ടി വയറ്റില്‍ കിടക്കുന്നത് എവിടെയാണെന്നാണ്‌ നിങ്ങള്‍ക്ക് തോന്നുന്നത്?
1.മുകളില്‍
2.താഴെ

നിങ്ങള്‍ ഉറങ്ങുമ്പോള്‍ തലയിണ ഏത് ദിശയിലാണ്‌?
1.വടക്ക്.
2.തെക്ക്.

ഇതെന്തരിദ്? കിഴക്കും പടിഞ്ഞാറും ആരും തലയിണ വെക്കില്ലേ ആവോ? വടക്കോട്ട് തീരെ വെക്കാന്‍ പാടില്ല എന്നാണ്‌ വെപ്പ്‌. ഭൂമി,കാന്തം, മാഗ്നറ്റിക് ഫീല്‍ഡ് എന്നൊന്നും ഞാന്‍ ഇവിടെ പറഞ്ഞില്ല, ആരും വഴക്കിന്‌ വരണ്ട. ഞാന്‍ എന്റെ സൗകര്യം പോലെ ചെലപ്പോ തല കുത്തി നിന്നും ഉറങ്ങാറുണ്ട്, അല്ല പിന്നെ.

നിങ്ങളുടെ കാല്പാദങ്ങള്‍ :
1.പഴയതിനേക്കാള്‍ തണുത്താണിരിക്കുന്നത്
2.പഴയ പോലെ തന്നെ.

അത് പല നേരത്ത് പല തരത്തിലല്ലേ ഉണ്ടാവുക?

നിങ്ങള്‍:
1.ഒരു പായ്ക്കറ്റ് ബ്രെഡ് വാങ്ങിയാല്‍ അതിന്റെ കരിഞ്ഞ അടിഭാഗമോ അരികുകളോ തിന്നാന്‍ ഇഷ്ടപ്പെടുന്നുണ്ടോ?
2.അരികുകളും അടിഭാഗത്തെ ബ്രെഡും ചത്താലും തിന്നില്ല.


നിങ്ങളുടെ കെട്ടിയോന്‍ :
1.നിങ്ങളെ പോലെ തടി കൂടി കൂടി വരുന്നുണ്ട്
2.എവടെ? വയറ്റില്‍ അപ്പടി കൊക്കപുഴു അല്ലേ?

അതും ഇതും തമ്മില്‍ ക്യാ സംബന്ധ്?

നിങ്ങളുടെ അമ്മയുടെ തലമുടി:
1.കമ്പ്ലീറ്റ് നരച്ചു.
2.നോ നോ.. ഇപ്പഴും സന്തൂര്‍ സന്തൂര്‍. (ഡൈ ചെയ്തിട്ടായാലും കുഴപ്പമില്ല)

ഏറ്റവും ബുള്‍ഷിറ്റ് ആയിട്ട് എനിക്ക് തോന്നിയത് ഇതാണ്‌. ഡൈ ചെയ്ത് കറുപ്പിച്ചാലും കുഴപ്പമില്ലത്രെ.

ഗര്‍ഭത്തിന്റെ തുടക്കത്തില്‍ മോര്‍ണിംഗ് സിക്ക്നെസ്സ് ഉണ്ടായിരുന്നോ?
1.ഉണ്ട്.
2.ഇല്ല

നിങ്ങള്‍ ഗര്‍ഭിണിയായപ്പോള്‍ :
1.ഒരു കൊച്ച് സുന്ദരിയായിട്ടുണ്ട്
2.പണ്ടേ കൊരങ്ങ്, ഇപ്പോ കരിങ്കൊരങ്ങ്.

ഗര്‍ഭിണിയായപ്പോള്‍ നിങ്ങളുടെ നെഞ്ചിന്റെ വിരിവ്‌:
1.കണ്ടാല്‍ ആരും ഒന്ന്‌ ഞെട്ടും.
2.ഓ! പ്രത്യേകിച്ച് വിരിവൊന്നുമില്ല.

ചെസ്റ്റ് എന്നാണ്‌ പല സ്ഥലത്തും കണ്ടത്. ബ്രസ്റ്റ് ആണാവോ ഉദ്ദേശിച്ചത്.

ഗര്‍ഭം ധരിച്ച സമയത്തെ നിങ്ങളുടെ പ്രായം:
ഗര്‍ഭം ധരിച്ച മാസം:

ഒരു സൂചിയില്‍ നൂല്‍ കോര്‍ത്ത് നിങ്ങളുടെ വയറിന്റെ മുകളില്‍ തൂക്കിയിടുക. നൂല്‍ ചലിക്കുന്നത്:
1.വൃത്തത്തില്‍
2.ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക്

ഇതെന്ത്, കിണറ് കുഴിക്കാന്‍ പോണാ??

നിങ്ങളുടെ മൂത്രത്തിന്റെ നിറം:
1.നല്ല തെളിഞ്ഞ നിയോണ്‍ മഞ്ഞ നിറം
2.തെളിച്ചമില്ലാത്ത മഞ്ഞ

ഏറ്റവുമധികം തിന്നാന്‍ തോന്നുന്നത്:
1.മധുരം
2.ഉപ്പും പുളിയും

ഗര്‍ഭിണിയായതോടെ നിങ്ങളുടെ മൂക്ക്:
1.ഒന്ന് പരന്നു
2.ഒന്നും സംഭവിച്ചില്ല

നിങ്ങള്‍ക്ക് :
1.ഇറച്ചിയും മീനും ചീസും ഒക്കെ തിന്നാനാണ്‌ തോന്നുന്നത്
2.ഏയ്.. പുല്ലും വൈക്കോലും പഴങ്ങളും തിന്നാനാണ്‌ തോന്നുന്നത്

കുട്ടിയുടെ ഹൃദയമിടിപ്പ്‌:
1.മിനിറ്റില്‍ 140നു മുകളിലാണ്‌
2.140 അല്ലെങ്കില്‍ അതിന്‌ താഴെയാണ്‌

ഓറഞ്ച് ജ്യൂസിനോടുള്ള സമീപനം:
1.അയ്യേ! ഓറഞ്ച് ജ്യൂസോ? ഗ്വാ..ഗ്വാ..
2.ഡെയ്‌ലി ഓറഞ്ച് ജ്യൂസ് കിട്ടിയിരിക്കണം

തലവേദന ഉണ്ടാവാറുണ്ടോ?
1.ഉണ്ട്
2.ഇല്ല.

നിങ്ങളുടെ വയര്‍ ഇപ്പോ കണ്ടാല്‍ എന്ത് പോലെയുണ്ട്?
1.തണ്ണിമത്തന്‍
2.ബാസ്കറ്റ് ബോള്‍
ബാസ്കറ്റ് ബോള്‍ പോലെയുള്ള തണ്ണിമത്തന്‍ ഞാന്‍ ഇഷ്ടം പോലെ കണ്ടിട്ടുണ്ടല്ലോ!

നിങ്ങളോട് ആരെങ്കിലും കൈ നീട്ടി കാണിക്കാന്‍ പറഞ്ഞാല്‍ നിങ്ങള്‍:
1.കൈ മലര്‍ത്തി പിടിച്ച് കാണിക്കും
2.കമിഴ്ത്തി പിടിച്ച് കാണിക്കും
ഇങ്ങനെ പറഞ്ഞതോടെ ആകെ ഗോണ്‍‌‍പ്യൂഷായി.

നിങ്ങള്‍ ഒരു മഗ്/കപ്പ് എടുക്കുമ്പോള്‍:
1.അതിന്റെ പിടിയില്‍ പിടിച്ച് എടുക്കും
2.അതിനെ മൊത്തമായി പിടിച്ച് എടുക്കും.

കുറെ അധികം സൈറ്റുകളില്‍ ഇതേ ചോദ്യങ്ങള്‍ കണ്ടു. എന്തായാലും എല്ലായിടത്തും അവസാനം എനിക്ക് കിട്ടിയ ഉത്തരം ആണാവാനും പെണ്ണാവാനും ഫിഫ്റ്റി - ഫിഫ്റ്റി ചാന്‍സ് ആണെന്നാണ്‌. വെറുതെ ഇതു നോക്കി നേരം കളഞ്ഞ നേരത്ത് രണ്ട് ആപ്പിള്‍ തിന്നാമായിരുന്നു.

കുറച്ച് സെന്‍സുള്ള ക്വിസ് ഇവിടെ കണ്ടതാണെന്ന്‌ തോന്നി.


അങ്ങനെ നമ്മുടെ റോസിലി ചേച്ചി എത്തിപ്പോയ്!

എന്നെക്കൊണ്ട് പറ്റുന്നില്ല എല്ലാം കൂടി. മൂന്ന് നേരം ഭക്ഷണം ഉണ്ടാക്കല്‍, അലക്കല്‍, തുടക്കല്‍, ഓഫീസ് ജോലി. ഓഫീസിലാണെങ്കില്‍ ഒരു കുന്ന് പണി. ഞാനാണെങ്കില്‍ അഞ്ച് മാസം ആയപ്പോഴേക്കും എട്ട് മാസം ആയ പോലെയാണ്‌ വയറും വീര്‍‍പ്പിച്ച് നിക്കുന്നത്. ആരും സഹായത്തിനില്ലാതെ എനിക്ക് പറ്റും എന്നൊക്കെ ഞാന്‍ അഹങ്കരിച്ചിരുന്നു. പക്ഷേ എല്ലാം കൂടിയാകുമ്പോ പറ്റുന്നില്ല. എന്നും നേരം വൈകുന്നു, ഞാന്‍ കാരണം ഏട്ടന്‍.

അപ്പോ പിന്നെ റോസിലിയേച്ചിയെ അങ്ങ് ഇമ്പോര്‍ട്ട് ചെയ്യിച്ചു. ഇനി സുഖം, സ്വസ്ഥം. വൈകുന്നേരം ഓഫീസില്‍ നിന്ന് വരുമ്പോഴേക്കും, പരിപ്പുവട, കിണ്ണത്തപ്പം, ഉള്ളി ബജി.. നല്ല സുഖം. ഇനി കുറച്ചു നാള്‍ ഞാനൊന്ന് ആഘോഷിക്കട്ടെ.


പഠിക്കാനുള്ള ടെക്സ്റ്റ് ബുക്ക് അല്ലാതെ ഒരു വരി പോലും ജീവിതത്തില്‍ വായിക്കാത്ത പെണ്ണുങ്ങള്‍ പോലും ഗര്‍ഭിണിയാകുമ്പോള്‍ ഗര്‍ഭസംബദ്ധമായ എന്തെങ്കിലും ഒക്കെ വായിക്കാന്‍ താല്പര്യപ്പെടും എന്നാണ്‌ എനിക്ക് തോന്നുന്നത്. എന്റെ കാര്യത്തിലാണെങ്കില്‍ ബാക്കി എല്ലാ വായനയും ഇപ്പോ അവസാനം എത്തുന്നത് ഗര്‍ഭവായനയിലാണെന്ന് പറയാം. ഇന്റെര്‍നെറ്റില്‍ ആകെക്കൂടി മലയാളത്തില്‍ വായിക്കാന്‍ കിട്ടിയത് ദേവേട്ടന്റെ ഈ പോസ്റ്റാണ്‌. പോസ്റ്റും കമന്റുകളും ഒക്കെ കൂടി അതൊരു അത്യാവശ്യ വിവരങ്ങള്‍ തരുന്ന പോസ്റ്റായിട്ടുണ്ട്.

ഗര്‍ഭിണിയാണെന്ന് കേട്ടാല്‍ എല്ലാവരും ആദ്യം നിര്‍ദേശിക്കുന്ന പുസ്തകം "What to expect when you are Expecting" (By Heidi Murkoff,Arlene Eisenberg And Sandee Hathaway) എന്ന പുസ്തകമാണ്‌. വളരെ ഉപകാരപ്രദമാണിത്. എന്റെ കാര്യത്തിലാണെങ്കില്‍ എന്റെ ഒരു വിധത്തില്‍ പെട്ട ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം അതിലുണ്ടായിരുന്നു. മാത്രമല്ല "ഗര്‍ഭണന്മാര്‍ക്ക്" വേണ്ടിയും ഒരു ചെറിയ സെക്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് അതില്‍. (അത് വേണ്ടപ്പെട്ടവര്‍ വായിച്ചാല്‍ വായിച്ചു, അതന്നെ). മറ്റൊരു പുസ്തകം ഞാന്‍ റെക്കമെന്റ് ചെയ്യുന്നത് Sangeeta Bhargava യുടെ Letters To My Baby എന്ന പുസ്തകമാണ്‌. What to Expect-ല്‍ പ്രധാനമായും അമേരിക്കന്‍ ഗര്‍ഭിണികളെ ഉദ്ദേശിച്ച് അവര്‍ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളാണ്‌. പ്രധാനമായും ഭക്ഷണ സാധനങ്ങള്‍ ഒക്കെ അമേരിക്കയില്‍ അല്ലെങ്കില്‍ മറ്റ് വിദേശ രാജ്യങ്ങളില്‍ അവര്‍ കഴിക്കുന്ന രീതികളിലാണ്‌ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ Letters To My Baby ഒരു ദേശിപ്പുസ്തകം ആണ്‌. ഒരു ആവരേജ് ഇന്ത്യന്‍ ഗര്‍ഭിണിയുടെ വിചാരങ്ങളും ആകാംക്ഷകളും ഒക്കെയാണ്‌ ഇതില്‍ പറയുന്നത്. അതു കൊണ്ടു തന്നെ എനിക്കീ പുസ്തകത്തിനോടാണ്‌ കൂടുതല്‍ അടുപ്പം. ഈ ചുവന്ന പുസ്തകം ഇല്ലാതെ ഇപ്പോ എന്നെ കാണാന്‍ പറ്റുന്നില്ല എന്നായിട്ടുണ്ട്. ഉറങ്ങുമ്പോള്‍ പോലും തലയിണക്കടിയില്‍ ഇതുണ്ട്. :)

ഈ പുസ്തകത്തിലെ സുജാത തന്റെ ഗര്‍ഭത്തില്‍ വളരുന്ന കുട്ടിയോട് വിശേഷങ്ങള്‍ പറഞ്ഞ് കത്തെഴുതുന്ന പോലെയുള്ള ആദ്യ ഭാഗവും, കുഞ്ഞ് ജനിച്ച് കഴിഞ്ഞതിന്‌ ശേഷം നടക്കുന്ന കാര്യങ്ങളുടെ ആഴ്ചക്കുറിപ്പുകള്‍ ഉള്‍ക്കൊള്ളിച്ച രണ്ടാം ഭാഗവും അടങ്ങുന്നതാണ്‌ ഈ പുസ്തകം. സത്യമാണത്. എല്ലാ ഗര്‍ഭിണിയും ഗര്‍ഭം ധരിച്ച നിമിഷം മുതല്‍ അമ്മ തന്നെയാണ്‌. അവര്‍ സംസാരിക്കും അവരുടെ ഗര്‍ഭത്തിലെ കുഞ്ഞിനോട്. Sujatha's Pregnancy എന്ന സെക്ഷനില്‍ സുജാത തന്റെ കുഞ്ഞിനോട് പറയുന്ന പോലെ ഞാനും പറയുന്നു ഓരോ ദിവസത്തെ വിശേഷങ്ങള്‍ എന്റെ ഉണ്ണിയോട്.

ഈ പുസ്തകം എനിക്ക്‌ സമ്മാനിച്ച വല്യഛനും വല്യമ്മക്കും ഒരായിരം നന്ദി.


ഭാര്യാഗര്‍ഭേ ഭര്‍ത്താവുത്തരവാദിയായിടും എന്ന് വല്ല ശ്ലോകവും ഉണ്ടോ എന്ന് ഉമേഷ് ചേട്ടനോടൊന്ന് ചോദിക്കണം. ഭാര്യയുടെ ഗര്‍ഭത്തിനുത്തരവാദി ഭര്‍ത്താവ് തന്നെയാണ്‌ എന്നല്ല, ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന്‌ ഉത്തരവാദിത്ത ബോധം കൂടും എന്നാണ്‌ ഉദ്ദേശിച്ചത്. എന്തായാലും, ഞാന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ വേറെയാരും റോഡില്‍ പാടില്ല എന്ന പോലെ വണ്ടിയോടിക്കുന്ന മനുഷ്യനിപ്പോ പെട്ടെന്ന് നല്ലവനായി. റോഡ് ക്രോസ് ചെയ്യാന്‍ നിക്കുന്നവര്‍ക്ക് വേണ്ടി, പ്രത്യേകിച്ച് പെണ്ണുങ്ങള്‍ക്ക് വേണ്ടി, വണ്ടി നിര്‍ത്തി കൊടുക്കുന്നു, മറ്റുള്ളവരെ ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിച്ച് ഒതുക്കി കൊടുക്കുന്നു. ആകെ മര്യാദ! രാജേഷിന്റെ ഈ ബ്ലോഗ് പല പ്രാവശ്യം വായിപ്പിച്ചിട്ടും നടക്കാത്ത കാര്യങ്ങളാണിതൊക്കെ. :)


മോര്‍ണിംഗ് സിക്ക്നെസ്സ് ഇല്ലാതെന്ത് ഗര്‍ഭം! ഇനി എനിക്ക്‌ മാത്രമായി അതെങ്ങാന്‍ ഇല്ലാതിരിക്കുമോ എന്നായിരുന്നു എന്റെ വിചാരം. തുടങ്ങിക്കിട്ടിയപ്പോള്‍ വിവരമറിഞ്ഞു. അയ്യോ.. വേണ്ടായേ എന്ന് തോന്നാനും തുടങ്ങി.

ശര്‍ദ്ദിയൊന്നുമല്ല എന്റെ കാര്യമായ പ്രശ്നം. രാവിലെ ഉണരുമ്പോള്‍ തലയ്ക്ക് മച്ചിങ്ങ കൊണ്ട് ഒരു കലക്കന്‍ ഏറ് കൊണ്ട ഒരു പ്രതീതിയാണ്‌. ചര്‍ദ്ദിക്കാന്‍ വരികയാണോ എന്ന്‌ ചോദിച്ചാല്‍ അല്ല. എന്നാല്‍ അല്ലേ എന്ന് ചോദിച്ചാല്‍ ആണ്‌ താനും. ആ നേരത്ത് ആരെങ്കിലും ഒരു കട്ടന്‍ ചായ ഉണ്ടാക്കി തന്നിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകും. വല്ല വിധത്തിലും ഒന്ന് സ്റ്റാര്‍ട്ട് ആയിക്കിട്ടിയാല്‍ രക്ഷപ്പെട്ടു. 9 മണിയാവുമ്പഴേക്കും ബ്രേക്ക് ഫാസ്റ്റും, ചോറും കൂട്ടാനും റെഡിയാക്കി കുളിച്ചിറങ്ങി വരുമ്പോ വല്ലതും തിന്നാന്‍ എടുത്താല്‍ ഒരു രക്ഷയില്ല. എന്നാല്‍ തിന്നാതിരിക്കാന്‍ പറ്റുമോ? ലവനോ ലവളോ ഫസ്റ്റ് മീറ്റിങ്ങില്‍ തന്നെ "അമ്മയെന്താ എനിക്ക് പാപ്പം തരാതിരുന്നേ" എന്ന് ചോദിച്ചാല്‍ പെട്ടില്ലെ? കുറച്ചധികം സമയം എടുത്ത് കഴിച്ചാല്‍ പറ്റും. അതിന്‌ സമയമെവിടെയാ? അവസാനം ബ്രേക്ക് ഫാസ്റ്റ് കാറിലേക്ക് മാറ്റി. മുടിഞ്ഞ ട്രാഫിക്കില്‍ ഓഫീസിലെത്തുമ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് അകത്താവും. പുറത്തു വരാതിരിക്കാനുള്ള വഴി, അതിനുള്ള സമയം കൊടുക്കാതിരിക്കലാണ്‌. ഡ്രൈവിങ്ങിന്റെ ഒപ്പം അതും മിസ്റ്ററിന്റെ ഡ്യൂട്ടിയില്‍ പെടും. ഇവിടെ സിദ്ധാര്‍ത്ഥന്‍ ചെയ്ത പോലെ.


ഒരാളിവിടെ ഉണ്ടായിവരുന്നുണ്ട്. :) ഒരു അധിക വരയിലൂടെ അയാള്‍ ഇന്ന് പറഞ്ഞു, ഞാനിതാ ഇവിടെയെത്തിക്കഴിഞ്ഞു. ഇനി അധികം ചാടലും തുള്ളലും ഒന്നും വേണ്ട ട്ടോ. ഡയ്റ്റിങ്ങെന്നും പറഞ്ഞുള്ള ആ എടവാടും നിര്‍ത്തിക്കോ എന്ന്.

എന്തായാലും ഇന്നു മുതല്‍ ആ ചക്കടാച്ചി സ്കൂട്ടറിന്റെ കിക്കര്‍ ചവിട്ടി ചവിട്ടി കാലിന്റെ മുട്ടിന്റെ കോക്കനട്ട് ഷെല്‍ ഇളക്കണ്ട. ഡോക്റ്ററും പറഞ്ഞു സ്കൂട്ടര്‍ ഓടിക്കണ്ട എന്ന്‌. പാവം കെട്ടിയോന് പണിയായി. ഈ ഡോക്റ്റര്‍ കുഴപ്പമില്ല. എന്നാലും ഇവിടെ സ്ഥിരമാക്കണ്ട എന്നൊരു തോന്നല്‍. വീട്ടില്‍ നിന്ന്‌ ദൂരം കുറച്ചുണ്ട് ഈ ഹോസ്പിറ്റലിലേക്ക്‌. ഉം.. സമയമുണ്ടല്ലോ. നോക്കട്ടെ.