ഒരു മാസം മുന്‍പ് ലൈഫ് സ്റ്റൈലില്‍ പോയിനോക്കിയപ്പോള്‍ ഒന്നും ഇഷ്ടമായില്ല. അതിന്റെ അടുത്തയാഴ്ച ജെനറല്‍ ബസാറില്‍ പോയപ്പോള്‍ സ്ഥിരം പോകുന്ന കട തുറന്നിട്ടില്ല. മറ്റു പലതിലും കയറിയെങ്കിലും മനസിന് പിടിച്ച വിലയും നിറവും തരവുമൊന്നും കാണുന്നില്ല. പല നിറങ്ങളങ്ങനെ വാരിയൊഴിച്ച് 'ലില്ലിപുട്ട്' കണ്ടപ്പോള്‍ കയറിനോക്കിയപ്പോള്‍ കയറിയതിലും വേഗത്തില്‍ തിരിച്ചിറങ്ങി. തിരിച്ച് കാറിനടുത്തേക്ക് നടക്കുന്നതിനിടയിലാണ്‌ ഒരു പുതിയ കട ചില്ലുവാതിലില്‍ നിറയെ കുഞ്ഞുടുപ്പുകളുമായി നിക്കുന്നത്. അവിടെ നിന്ന് അവസാനം ഒരെണ്ണം അമ്മയ്ക്കും അച്ഛനും ഇഷ്ടപ്പെട്ടത് കിട്ടി. അഛനും അമ്മയും നടന്ന് വലഞ്ഞു. പക്ഷേ കുഞ്ചൂന്‌ ഇങ്ങനെ റ്റാ റ്റാ പോയി നടക്കാനാണ്‌ ഏറ്റവും ഇഷ്ടം. ഇതിപ്പോ കുഞ്ചൂന്റെ ബര്‍ത്ത്ഡേക്ക് ഉടുപ്പ് വാങ്ങാനാ... ഒന്നാം പിറന്നാളിന്‌ എന്തൊക്കെ ചെയ്താലാണ്‌ അഛനും അമ്മയ്ക്കും മതിയാവുക.

അങ്ങനെ ഇന്ന് കുഞ്ചൂന്‌ ഒരു വയസ്സായി. എത്ര പെട്ടെന്നാണ് സമയം പറന്ന് പോയത്. സ്വന്തമായി ആരുമില്ലാത്ത ഈ നാട്ടില്‍ കുഞ്ചൂന്റെ ഒന്നാം ജന്മ ദിനത്തിന്‌ നാട്ടില്‍ നിന്ന് ആര്‍ക്കും വരാന്‍ പറ്റാതായപ്പോള്‍ ശരിക്ക് വിഷമം തോന്നി. ഞങ്ങള്‍ക്കിവിടെ ചുരുക്കമായി ഉള്ള ചില സുഹൃത്തുക്കളും അതില്‍ കൂടുതലുള്ള കുഞ്ചൂന്റെ 'ഫ്രണ്ട്സും' ഒക്കെ ചേര്‍ന്ന് കുഞ്ചൂന്റെ ബര്‍ത്ത് ഡേ ഒരാഘോഷമാക്കിയപ്പോഴാണ്‌ കുറച്ചെങ്കിലും സമാധാനമായത്. എല്ലാവരും പറഞ്ഞിരുന്നു, സാധാരണ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സമയത്ത് എല്ലാ കുട്ടികളും നല്ല കരച്ചിലാവും എന്ന്. പക്ഷേ കുഞ്ചു ഒരു അല്പം പോലും അലമ്പുണ്ടാക്കിയില്ല എന്ന് മാത്രമല്ല നല്ല ഫോമിലുമായിരുന്നു. ഗുഡ് ബോയ്!

കുഞ്ചൂന്റെ പിറന്നാളിന്‌ ധൂര്‍ത്തടിക്കില്ല എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. കൂട്ടത്തില്‍ ശരിയ്ക്കും 'needy' ആയിട്ടുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കണമെന്നും. അതും സാധിച്ചു. അമ്പത് പൊതി ചോറ്‌ തെരുവില്‍ അലയുന്നവര്‍ക്ക് വിതരണം ചെയ്തു. അമ്പത് പേരൊക്കെ കാണുമോ എന്ന സംശയം അസ്ഥാനത്താണെന്ന് വിതരണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി. അമ്പതല്ല അമ്പതിനായിരമായാലും തികയില്ല.

ഹാപ്പി ബര്‍ത്ത് ഡേ ടു യു കുഞ്ചൂസേ.


എന്നെങ്കിലുമൊരിക്കല്‍ കുഞ്ചു വന്ന് ചോദിക്കുമായിരിക്കും, "എന്നെ എന്തിനാ ഇങ്ങനെ കൂട്ടിലടച്ച് വളര്‍‍ത്തിയത്, ഇത്രയും രസമുള്ള, വിശാലമായ സ്ഥലമൊക്കെയുള്ളപ്പോള്‍" എന്ന്. അത്രയ്ക്കുമായിരുന്നു, അവന്റെ സന്തോഷവും ചിരിയും കളിയും.ആ പഴയ വാശിക്കുട്ടിയേ ആയിരുന്നില്ല നാട്ടിലായിരുന്ന ഈ പതിനഞ്ച് ദിവസങ്ങളില്‍. ഇഷ്ടം പോലെ സ്ഥലം. എവിടെ നോക്കിയാലും കുഞ്ചൂനോട് ചിരിക്കുന്ന ആള്‍ക്കാര്‍‍. കിളി, ചിത്രശലഭം, പൂവുകള്‍, പൂക്കളങ്ങള്‍, കോഴിബാബ, ചക്കി ബൗ ബൗ, മാളു ബൗ ബൗ, പൂച്ച കുറിഞ്ഞ്യാര് . അച്ഛാച്ഛനും, അച്ഛമ്മയും, പാപ്പാച്ചിയും, മേമയും, അമ്മാമ്മയും, അമ്മച്ഛനും.

അവന്‍ ശരിയ്ക്ക് ആസ്വദിച്ചു. സോറി ഡാ കുഞ്ചു, ഇനി അടുത്ത വര്‍ഷം വന്ന് കാണാം ട്ടാ ഇതൊക്കെ.

ആര്‍‍ക്കറിയാം.. കുറച്ച് വലുതായിക്കഴിഞ്ഞ് ഈ നഗരത്തിനോട് യാത്ര പറഞ്ഞ് നാട്ടിലെങ്ങാനും പോയി സെറ്റിലായാല്‍ അന്നായിരിക്കും അവന്‍ വന്ന് ചോദിക്കുക. "എന്നെ എന്തിനാ ഈ ബോറന്‍ സ്ഥലത്ത് കൊണ്ട് വന്നിട്ടത്, ഇത്രയും രസമുള്ള സിറ്റി ലൈഫ് ഉള്ളപ്പോള്‍? ഇവിടെ ഒരു കിഡ് സോണ്‍ ഇല്ല, സിറ്റി മാളും ഐ മാക്സും ഇല്ല, ഒന്ന് ഹാങ്ങ് ഔട്ട് ചെയ്യാന്‍ ഒരു സ്ഥലം പോലുമില്ല." എന്നൊക്കെ...

ഓരോരുത്തര്‍ക്കും അവരവരുടെ കാലത്തിനനുസരിച്ചായിരിക്കില്ലേ 'നൊസ്റ്റാള്‍‍ജിയ'.

അതുകൊണ്ട് തല്‍ക്കാലം ഞാന്‍ വിഷമിക്കുന്നില്ല. നീ ഇവിടെ അടിച്ച് പൊളിക്കടാ മോനെ. വല്ലപ്പോഴുമൊക്കെ നമുക്ക് പോകാം ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍.


ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എങ്ങനെ സമാധാനമായി ഇരിക്കും? കുഞ്ചൂന്‌ ഒമ്പതാം മാസത്തിലെടുക്കേണ്ട ഇഞ്ചക്ഷന്‍ ഡേറ്റ് അടുക്കും തോറും എനിക്ക് ഉറക്കമില്ലാതാവുകയായിരുന്നു. വാക്സിന്‍ എടുക്കാതിരുന്നാലോ എന്ന് ഇടക്ക് ആലോചിക്കും. പക്ഷേ എടുക്കാതിരുന്നാല്‍ ഭാവിയില്‍.. ദൈവത്തെ വിളിച്ച് കുത്താന്‍ കൊണ്ട് പോവുക തന്നെ എന്ന് കരുതി ഇന്ന്‌ കൊണ്ടു പോയി. പതിവു പോലെ അവന്‍ ഡോക്ടര്‍ അങ്കിളിനെ നോക്കി ചിരിച്ച് പ്രിസ്ക്രിപ്ഷന്‍ പാഡില്‍ "വെല്‍ ബേബി"യും വാങ്ങി കുത്താനായി കൊണ്ട് ചെന്നപ്പോള്‍ ആകെ പ്രശ്നം.

അവന്‌ ബി.സി.ജി എടുത്തിരിക്കുന്നത് വലതു കയ്യില്‍ ആണ്‌‌ പോലും. അത് ഇടത് കയ്യിലെടുക്കേണ്ടതാണത്രെ. ഇതേ ആശുപത്രിയില്‍ തന്നെയുള്ള നഴ്സുമാരാണ്‌ അതും ചെയ്തത്. പ്രസവിച്ച് കിടക്കുന്ന മുറിയില്‍ നിന്ന് കുട്ടിയെ എടുത്തു കൊണ്ട് പോയി കുത്തിവെപ്പ് എടുത്ത് തിരികെ കൊണ്ടുവരികയായിരുന്നു. ഏത് കയ്യില്‍ ആണ്‌ കുത്തിവെച്ചതെന്ന് ആരും നോക്കിയുമില്ല, ചോദിച്ചതുമില്ല. പിന്നെ ഏകദേശം 2 മാസം കഴിഞ്ഞിട്ടാണ്‌ അവിടെ പഴുത്ത് വന്നത്. എന്നിട്ടിപ്പോ ഇവരു തന്നെ ചോദിക്കുന്നു, വലതു കയ്യില്‍ എന്തിനാ എടുപ്പിച്ചേ എന്ന്‌? മീസില്‍സും ബിസിജിയും ഒരേ വശത്ത് എടുക്കാന്‍ പാടില്ലത്രെ. എന്നാല്‍ പിന്നെ മീസില്‍സ് ഇടത്തേ വശ്ത്ത് എടുത്താല്‍ പോരെ എന്ന് ഞങ്ങള്‍. ഏയ് അത് പാടില്ല എന്ന് അവര്‍. സ്റ്റാഫ് നഴ്സ് ഹെഡ് നേഴ്സിനെ വിളിക്കുന്നു... അവര്‍ അവരുടേ വേറൊരു കൊളീഗിനെ വിളിക്കുന്നു.. അവര്‍ ഡോക്ട്റെ അന്വേഷിക്കുന്നു.. ആകെ കൂടി മനുഷ്യനെ വട്ടാക്കി. ഡോക്ടര്‍ വന്നിട്ട് പറഞ്ഞു ഇടത്തേ വശത്ത് കാലില്‍ എടുക്കാന്‍. അപ്പോ ബിസിജി വലത് വശത്ത് കൊടുത്തത് കുഴപ്പമില്ലേ? ഇല്ല എന്ന് ഡോക്റ്റര്‍. അപ്പോ പിന്നെ ഈ പെണ്ണുങ്ങള്‍ എന്തിന്‌ ഇമ്മാതിരി ബഹളം ഉണ്ടാക്കി? അത് അവര്‍ക്ക് വിവരമില്ലാത്തത് കൊണ്ടല്ലേ എന്ന മട്ടില്‍ ഒരു ചിരിയും ചിരിച്ച് ഡോക്റ്റര്‍ പോയി. ഇഞ്ചക്ഷനേ എടുക്കാതെ തിരിച്ച് പോന്നാലോ എന്നാലോചിച്ച് ഞങ്ങളാകെ ചിന്താക്കുഴപ്പത്തിലായി.

ഒന്നു കൂടി ഡോക്ടറുടെ റൂമില്‍ പോയി വിശദമായി ചോദിച്ച് ഉറപ്പുവരുത്തിയതിന്‌ ശേഷം എല്ലാ ദൈവങ്ങളേയും വിളിച്ച് ഇടത് കാലില്‍ തന്നെ കുത്തിവെപ്പ് എടുത്തു. എന്തായലും അവന്‍ ഒട്ടും കരഞ്ഞില്ല. അത്രയും ആശ്വാസം.

The Road Not Taken -നെ കുറിച്ച് പശ്ചാത്തപിച്ച മറ്റൊരു നിമിഷം!

Update: 16.Sep.2008
ഉമേഷിന്റെ ചോദ്യവും സൂരജിന്റെ ഉത്തരവും ഇന്ന് വായിച്ചു. സൂരജ് പറയുന്ന കണക്കുകള്‍ കേള്‍ക്കുമ്പോള്‍ ആശ്വാസം.


കുഞ്ചു ഇപ്പോ വല്യ ആളായിപ്പോയി.

8 മാസം തികഞ്ഞപ്പോ ഇരിക്കാന്‍ പഠിച്ചു, ക്ലാപ്പ് ചെയ്യാന്‍ പഠിച്ചു, പിന്നെ, നമ്മള്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന്‌ കണ്ടാല്‍ മസ്തി ചെയ്യാന്‍ പഠിച്ചു.

അടുത്ത മാസം കുഞ്ചു നാട്ടിലെത്തുന്നതും കാത്ത് ഇരിപ്പാണ്‌ അഛാഛന്‍മാരും അമ്മമ്മമാരും ഒക്കെ. ശരിക്കും പറഞ്ഞാല്‍ ദിവസങ്ങള്‍ എണ്ണിയെണ്ണി. വിമാനക്കൂലി കുത്തനെ കൂട്ടിയതോടെ ഫ്ലൈറ്റില്‍ പോകല്‍ നിര്‍ത്തി. ട്രെയിനില്‍ 24 മണിക്കൂര്‍ യാത്ര കുഞ്ചൂനെയും കൊണ്ട് എങ്ങനെ എന്നാലോചിക്കുമ്പോള്‍ ഒരെത്തും പിടിയും കിട്ടുന്നില്ല. രാത്രി അവന്‍ ഇമ്മാതിരി അലറിയാല്‍ കൂടെയുള്ളവര്‍ ഞങ്ങളെ മൊത്തം എടുത്ത് പുറത്തേക്കെറിയും. അപ്പഴേക്കും ഇത്തിരി നല്ല ശീലം പഠിക്കടാ കുഞ്ചു സാറേ... :)


അങ്ങനെ ഏഴ് മാസക്കാരനായെന്റെ കുഞ്ചു. മുകളിലും താഴെയും ആയി നാല്‌ പല്ല് വന്നിട്ടുണ്ട്. എല്ലാവര്‍ക്കും പല്ല് വരാന്‍ നേരം വൈകുമ്പോള്‍ ഇവന്‌ നേരത്തേ വന്നു. അമ്മയെ പോലെ ഒരു തീറ്റക്കാരനാകുമെന്നാ തോന്നുന്നേ. എഴുന്നേറ്റ് ഇരിക്കാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷേ അങ്ങോട്ട് ആവുന്നില്ല. ഉരുളല്‍ പ്രസ്ഥാനം നിര്‍ത്തി ഇപ്പോ നെഞ്ച് വെച്ച് കഷ്ടപ്പെട്ട് നീന്തുന്നുണ്ട് ആശാന്‍. ഉറക്കത്തിന്റെ കാര്യത്തില്‍ നേരിയ പുരോഗതിയുണ്ട്. ഒരു പന്ത്രണ്ട് മണിയൊക്കെ ആവുമ്പോള്‍ ഉറങ്ങുന്നുണ്ട്.

കല്യാണി ചേച്ചി ഒരു രക്ഷയുമില്ല. കുട്ടിയെ നോക്കല്‍ ഒഴിച്ച് ബാക്കി എന്ത് പണി ചെയ്യാനും ആള്‍ക്ക് നല്ല ഉത്സാഹമാണ്‌. ഓഫീസില്‍ നിന്ന് ഞാനെത്തിക്കഴിഞ്ഞാല്‍ "ഹാവൂ ... രക്ഷപ്പെട്ടു" എന്ന ഭാവമാണ്‌. അതിന്‌ ശേഷം കുഞ്ചു കരഞ്ഞാലോ, അലറിയാലോ ഒന്നും, ഞാനീ നാട്ടുകാരിയല്ല എന്ന മട്ടാണ്‌. ഞാന്‍ ചപ്പാത്തിയുണ്ടാക്കാന്‍ നില്‍ക്കുന്ന അര മണിക്കൂര്‍ പോലും കുട്ടിയെ കരയിക്കാതെ നോക്കാന്‍ അതിന്‌ പറ്റുന്നില്ല. ഒറ്റ കൈ കൊണ്ട് ചപ്പാത്തി പരത്താന്‍ വരെ ഞാനിപ്പോ പഠിച്ചു കഴിഞ്ഞു. :)


ഇന്ന് കുഞ്ചൂന്‌ 6 മാസം തികഞ്ഞു.

മൊട്ടത്തലയില്‍ മുടി വരും എന്നൊരു പ്രതീക്ഷ ആ തല തരാന്‍ തുടങ്ങിയിട്ടുണ്ട്. പ്രാര്‍ത്ഥിച്ചതിന്‌ ഫലം കിട്ടി :)

ഇരിക്കണം എന്ന് ആഗ്രഹം ഉണ്ട്, പക്ഷേ അതങ്ങോട്ട് നടക്കുന്നില്ല. കമിഴ്ന്ന്‌ കിടന്ന് കാലിന്റെ പെരുവിരല്‍ കുത്തി, തലയും കുട്ടി പൊങ്ങും ഒരു വില്ലു പോലെ. എന്നിട്ടാണ്‌ ഇരിക്കാന്‍ നോക്കുന്നത്‌. അപ്പോ മലര്‍ന്ന് വീഴും. കൈ കുത്തി ഉയര്‍ന്ന് കുട്ടിയാന പോസില്‍ നിന്നിട്ട് ഇരിക്കാന്‍ അവനറിയില്ല.

ഒരു സെന്റി മീറ്റര്‍ പോലും നീന്തല്‍ നഹി. ഉരുണ്ട് ഉരുണ്ടാണ്‌ ഒരു സ്ഥലത്ത് നിന്ന്‌ മറ്റേ സ്ഥലത്തേക്ക് പോകുന്നത്. അതും മടി തന്നെ.

രാവിലേയും വൈകുന്നേരവും കുറുക്കോ ചോറൊ മാറി മാറി കഴിക്കുന്നുണ്ട്. അമ്മയെ പോലെ ഒരു ബിസ്കറ്റ് പ്രേമിയും അച്ഛനെ പോലെ ഒരു പരിപ്പ്‌ പ്രേമിയും ആണെന്ന് തോന്നുന്നു. ഈ രണ്ടും കണ്ടാല്‍ ഹാപ്പി ഹാപ്പി.

ഉറക്കം ഇപ്പഴും രാത്രി 2 മണി. രാവിലെ ഉണരുന്നത് 10 മണിക്കും. :(

അപരിചിതരോട് അപരിചിതത്വം കാണിക്കാന്‍ തുടങ്ങി. അച്ഛനെ കാണുമ്പോഴുള്ള എക്സൈറ്റ്മെന്റും അമ്മയെ കാണുമ്പോഴുള്ള "ഓ.. വന്നോ, എന്നാല്‍ ഒന്ന് ചിരിച്ചു കളയാം" ഭാവവും അതു പോലെ തന്നെ തുടരുന്നു.


രാവിലെയായാല്‍ തുടങ്ങുകയായി സുഖവിവരാന്വേഷണ സന്ദര്‍ശക പ്രവാഹം. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നൊക്കെ പറയാം, പക്ഷേ ഈ കോമണ്‍ സെന്‍സ് എന്ന സാധനം കുറച്ച് വാങ്ങാന്‍ കിട്ടുന്ന ഒരു കട ഉണ്ടായിരുന്നെങ്കില്‍ വരുന്നവര്‍ക്ക്‌ ചായക്കൊപ്പം അതും കൂടി കൊടുക്കാമായിരുന്നു എന്ന്‌ തോന്നിപ്പോകും.

രാത്രി മുഴുവന്‍ ഉറക്കമില്ലാത്ത എന്റെ പുത്രന്‍ പകല്‍ പോലും വളരെ കുറച്ചാണ്‌ ഉറങ്ങുന്നത്‌. ആ ഒരിത്തിരി സമയം കാത്തിരുന്നാണ്‌ ഞാനെന്റെ പ്രസവരക്ഷക്കുളിയും പിന്നെ ഒരല്പം ഉറക്കവും. അങ്ങനെ ഒന്ന് മയങ്ങി വരുമ്പോള്‍ അതാ വരുന്നു, അമ്മയുടെ അനിയന്റെ ഭാര്യയുടെ ചേച്ചീടെ നാത്തൂന്‍ അല്ലെങ്കില്‍ അടുത്ത വീട്ടിലെ കമലമ്മായീടെ മോളെ കെട്ടിച്ച വീട്ടിലെ അമ്മായിഅമ്മയും അനിയത്തിയും. ശെടാ! എന്റെയൊരു പ്രസവം ഇവരൊക്കെ എങ്ങനെയറിഞ്ഞു.

"എവിടെ നമ്മടെ കുഞ്ഞന്‍?" എന്ന ചോദ്യവും ആളുടെ തലയും ഒപ്പം എത്തും ബെഡ് റൂമിലേക്ക്. മിക്കവാറും അതോടെ സുഖമായി ഉറങ്ങുന്ന കുഞ്ഞ് ഞെട്ടിയുണര്‍ന്ന് കാണും. ഇനിയിപ്പോ ഉണര്‍ന്നിട്ടില്ലെങ്കില്‍ "അയ്യട.. എന്റെ കുഞ്ഞി മോന്‍ ഉറങ്ങാ, മോനെ ഞാന്‍ ഒന്നെടുക്കട്ടേ.." എന്നാവും. ഇതെപ്പോ അവരുടെ കുഞ്ഞി മോനായി? ഈ പറയുന്ന ആള്‍ക്കാരെ ഞാന്‍ ഇക്കണ്ട കാലത്തിനിടക്ക് കണ്ടിട്ടും കൂടിയില്ല. അടുത്ത ചോദ്യം മയക്കത്തില്‍ നിന്ന് ഉണര്‍ന്ന് ഉറക്കക്കണ്ണോടെ കിടക്കുന്ന നമ്മളോടാണ്‌. "മോള്‍ അറിയുമോ എന്നെ". കൊച്ച് ഇതോടെ കരയാന്‍ തുടങ്ങിക്കാണും. അതിനിടക്ക് ദേഷ്യവും, അമര്‍ഷവും ഒക്കെ പുറത്ത് കാണിക്കാതെ, ഇതാരെന്ന് മനസ്സിലാകാതെ, "പിന്നേ, എനിക്കറിയാമല്ലോ" എന്ന ഭാവത്തിലുള്ള ആ ചിരി മുഖത്ത് വരുത്തണമെങ്കില്‍ പച്ചാളം ഭാസിയുടെ പതിനൊന്ന് "നവരസങ്ങള്‍" പോരാതെ വരും.

ഞാന്‍ പെറ്റതാ അഞ്ചെട്ടണ്ണം എന്ന മട്ടില്‍ കുട്ടിയെ എടുത്തിട്ട്, എന്ത് ചെയ്താലും കുട്ടി കരച്ചില്‍ നിര്‍ത്താതാവുമ്പോള്‍ നീട്ടും നമ്മുടെ നേരെ. "അതിന്‌ വെശന്ന്ട്ട്ണ്‌ ട്ടാ, വല്ലതും കൊട്ക്ക്". (അല്ലാതെ ഉറക്കത്തീന്ന് എടുത്തത് കൊണ്ടല്ല) അടുത്ത പടി നമ്മള്‍ കുട്ടിയെ കയ്യില്‍ വാങ്ങി അവരുടെ മുന്നിലിരുന്ന്‍ പാല്‍ കൊടുക്കണം. മുറിയില്‍ നിന്ന്‌ ഒന്ന്‌ മാറിത്തരാനോ അല്ലെങ്കില്‍ നെഞ്ചത്തേക്ക് തുറിച്ച് നോക്കാതിരിക്കാനോ പോലും ഉള്ള ആ പറഞ്ഞ സാധനം - കോമണ്‍ സെന്‍സ് - ഏ..ഹേ.

കഴിഞ്ഞിട്ടില്ല, വയറ് നിറഞ്ഞിരിക്കുന്ന കുഞ്ഞ് ആ സമയത്ത് പാല്‍ കുടിക്കില്ല, മാത്രമല്ല കുടിപ്പിക്കാന്‍ നോക്കുമ്പോള്‍ കൂടുതല്‍ കരയുകയുയും ചെയ്യും. അപ്പോ അതാ വരുന്നു അടുത്ത ചോദ്യം "എന്തേ, പാലില്ലേ ആവശ്യത്തിന്‌?" ഗുരുവായൂരപ്പാ ഒരു രണ്ട്‌ കിലോ ക്ഷമ..

കുഞ്ഞ് വീണ്ടും കരയുകയാണ്‌. അമ്മ വന്നവര്‍ക്ക്‌ ചായ ഉണ്ടാക്കാന്‍ അടുക്കളയിലാണ്‌. കുഞ്ഞിനെ എടുത്ത് എണീറ്റ് നടന്ന് ഉറക്കുകയേ വഴിയുള്ളു. അത് ചെയ്ത് തുടങ്ങുമ്പോള്‍ നമ്മുടെ അഭ്യുദയകാംക്ഷി ചായ കുടിക്കാന്‍ പോകുന്നു.. അതും കഴിഞ്ഞ് നാട്ടു വര്‍ത്താനം മുഴുവന്‍ കഴിഞ്ഞ് ഇറങ്ങാന്‍ നേരത്തും, കുഞ്ഞിനെ എടുത്ത് ഉറക്കാന്‍ പാട് പെടുന്ന നേരത്ത് ഉപദേശം - "പെറ്റ പെണ്ണുങ്ങള്‍ മലര്‍ന്ന് കിടന്ന്‌ വിശ്രമിക്കണം, ഇങ്ങനെ എണീറ്റ് നടക്കല്ലേ. ഇതിന്റെയൊക്കെ അപകടം പിന്നീടാ അറിയുക". ബെസ്റ്റ്!

എല്ലാവരും ഇങ്ങനെയെന്നല്ല, പക്ഷേ ഇങ്ങനെ വരുന്ന കുറച്ച് സന്ദര്‍ശകരും ഉണ്ട് എന്നത് എന്റെ അനുഭവം.