രാവിലെയായാല്‍ തുടങ്ങുകയായി സുഖവിവരാന്വേഷണ സന്ദര്‍ശക പ്രവാഹം. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നൊക്കെ പറയാം, പക്ഷേ ഈ കോമണ്‍ സെന്‍സ് എന്ന സാധനം കുറച്ച് വാങ്ങാന്‍ കിട്ടുന്ന ഒരു കട ഉണ്ടായിരുന്നെങ്കില്‍ വരുന്നവര്‍ക്ക്‌ ചായക്കൊപ്പം അതും കൂടി കൊടുക്കാമായിരുന്നു എന്ന്‌ തോന്നിപ്പോകും.

രാത്രി മുഴുവന്‍ ഉറക്കമില്ലാത്ത എന്റെ പുത്രന്‍ പകല്‍ പോലും വളരെ കുറച്ചാണ്‌ ഉറങ്ങുന്നത്‌. ആ ഒരിത്തിരി സമയം കാത്തിരുന്നാണ്‌ ഞാനെന്റെ പ്രസവരക്ഷക്കുളിയും പിന്നെ ഒരല്പം ഉറക്കവും. അങ്ങനെ ഒന്ന് മയങ്ങി വരുമ്പോള്‍ അതാ വരുന്നു, അമ്മയുടെ അനിയന്റെ ഭാര്യയുടെ ചേച്ചീടെ നാത്തൂന്‍ അല്ലെങ്കില്‍ അടുത്ത വീട്ടിലെ കമലമ്മായീടെ മോളെ കെട്ടിച്ച വീട്ടിലെ അമ്മായിഅമ്മയും അനിയത്തിയും. ശെടാ! എന്റെയൊരു പ്രസവം ഇവരൊക്കെ എങ്ങനെയറിഞ്ഞു.

"എവിടെ നമ്മടെ കുഞ്ഞന്‍?" എന്ന ചോദ്യവും ആളുടെ തലയും ഒപ്പം എത്തും ബെഡ് റൂമിലേക്ക്. മിക്കവാറും അതോടെ സുഖമായി ഉറങ്ങുന്ന കുഞ്ഞ് ഞെട്ടിയുണര്‍ന്ന് കാണും. ഇനിയിപ്പോ ഉണര്‍ന്നിട്ടില്ലെങ്കില്‍ "അയ്യട.. എന്റെ കുഞ്ഞി മോന്‍ ഉറങ്ങാ, മോനെ ഞാന്‍ ഒന്നെടുക്കട്ടേ.." എന്നാവും. ഇതെപ്പോ അവരുടെ കുഞ്ഞി മോനായി? ഈ പറയുന്ന ആള്‍ക്കാരെ ഞാന്‍ ഇക്കണ്ട കാലത്തിനിടക്ക് കണ്ടിട്ടും കൂടിയില്ല. അടുത്ത ചോദ്യം മയക്കത്തില്‍ നിന്ന് ഉണര്‍ന്ന് ഉറക്കക്കണ്ണോടെ കിടക്കുന്ന നമ്മളോടാണ്‌. "മോള്‍ അറിയുമോ എന്നെ". കൊച്ച് ഇതോടെ കരയാന്‍ തുടങ്ങിക്കാണും. അതിനിടക്ക് ദേഷ്യവും, അമര്‍ഷവും ഒക്കെ പുറത്ത് കാണിക്കാതെ, ഇതാരെന്ന് മനസ്സിലാകാതെ, "പിന്നേ, എനിക്കറിയാമല്ലോ" എന്ന ഭാവത്തിലുള്ള ആ ചിരി മുഖത്ത് വരുത്തണമെങ്കില്‍ പച്ചാളം ഭാസിയുടെ പതിനൊന്ന് "നവരസങ്ങള്‍" പോരാതെ വരും.

ഞാന്‍ പെറ്റതാ അഞ്ചെട്ടണ്ണം എന്ന മട്ടില്‍ കുട്ടിയെ എടുത്തിട്ട്, എന്ത് ചെയ്താലും കുട്ടി കരച്ചില്‍ നിര്‍ത്താതാവുമ്പോള്‍ നീട്ടും നമ്മുടെ നേരെ. "അതിന്‌ വെശന്ന്ട്ട്ണ്‌ ട്ടാ, വല്ലതും കൊട്ക്ക്". (അല്ലാതെ ഉറക്കത്തീന്ന് എടുത്തത് കൊണ്ടല്ല) അടുത്ത പടി നമ്മള്‍ കുട്ടിയെ കയ്യില്‍ വാങ്ങി അവരുടെ മുന്നിലിരുന്ന്‍ പാല്‍ കൊടുക്കണം. മുറിയില്‍ നിന്ന്‌ ഒന്ന്‌ മാറിത്തരാനോ അല്ലെങ്കില്‍ നെഞ്ചത്തേക്ക് തുറിച്ച് നോക്കാതിരിക്കാനോ പോലും ഉള്ള ആ പറഞ്ഞ സാധനം - കോമണ്‍ സെന്‍സ് - ഏ..ഹേ.

കഴിഞ്ഞിട്ടില്ല, വയറ് നിറഞ്ഞിരിക്കുന്ന കുഞ്ഞ് ആ സമയത്ത് പാല്‍ കുടിക്കില്ല, മാത്രമല്ല കുടിപ്പിക്കാന്‍ നോക്കുമ്പോള്‍ കൂടുതല്‍ കരയുകയുയും ചെയ്യും. അപ്പോ അതാ വരുന്നു അടുത്ത ചോദ്യം "എന്തേ, പാലില്ലേ ആവശ്യത്തിന്‌?" ഗുരുവായൂരപ്പാ ഒരു രണ്ട്‌ കിലോ ക്ഷമ..

കുഞ്ഞ് വീണ്ടും കരയുകയാണ്‌. അമ്മ വന്നവര്‍ക്ക്‌ ചായ ഉണ്ടാക്കാന്‍ അടുക്കളയിലാണ്‌. കുഞ്ഞിനെ എടുത്ത് എണീറ്റ് നടന്ന് ഉറക്കുകയേ വഴിയുള്ളു. അത് ചെയ്ത് തുടങ്ങുമ്പോള്‍ നമ്മുടെ അഭ്യുദയകാംക്ഷി ചായ കുടിക്കാന്‍ പോകുന്നു.. അതും കഴിഞ്ഞ് നാട്ടു വര്‍ത്താനം മുഴുവന്‍ കഴിഞ്ഞ് ഇറങ്ങാന്‍ നേരത്തും, കുഞ്ഞിനെ എടുത്ത് ഉറക്കാന്‍ പാട് പെടുന്ന നേരത്ത് ഉപദേശം - "പെറ്റ പെണ്ണുങ്ങള്‍ മലര്‍ന്ന് കിടന്ന്‌ വിശ്രമിക്കണം, ഇങ്ങനെ എണീറ്റ് നടക്കല്ലേ. ഇതിന്റെയൊക്കെ അപകടം പിന്നീടാ അറിയുക". ബെസ്റ്റ്!

എല്ലാവരും ഇങ്ങനെയെന്നല്ല, പക്ഷേ ഇങ്ങനെ വരുന്ന കുറച്ച് സന്ദര്‍ശകരും ഉണ്ട് എന്നത് എന്റെ അനുഭവം.


This entry was posted on 3:07 AM and is filed under , , , , , , . You can follow any responses to this entry through the RSS 2.0 feed. You can leave a response, or trackback from your own site.

0 comments: